ശ്രീരാമരഥങ്ങള്‍ പ്രയാണം ആരംഭിച്ചു

March 15, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍,ദേശീയം

ജയ് സീതാരാം..! :ശ്രീമൂകാംബികാക്ഷേത്രത്തില്‍ നിന്നും ശ്രീരാമരഥത്തില്‍ ജ്യോതിതെളിയിച്ച ശേഷം ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്തും രാമഗിരി ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതിയും രഥത്തിനു സമീപം. രഥയാത്ര ആരംഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ദൃശ്യം.

കൊല്ലൂര്‍: ശ്രീരാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. ഇന്നു രാവിലെ 8.30 ന് ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം തന്ത്രി രഥത്തില്‍ ജ്യോതി തെളിയിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമരഥയാത്രയ്ക്ക് തുടക്കമായി. കന്യാകുമാരിയിലേക്കും മഹാരാഷ്ട്രയിലേക്കും രണ്ടു ശ്രീരാമരഥങ്ങളാണ് ഇന്നുമുതല്‍ ജ്യോതിപ്രയാണം ആരംഭിച്ചിട്ടുള്ളത്. മൂകാംബികാദര്‍ശനം നടത്തിയശേഷമാണ് ശ്രീരാമരഥങ്ങള്‍ കന്യാകുമാരിയിലേക്കും മഹാരാഷ്ട്രയിലേക്കും പ്രയാണം ആരംഭിച്ചു. കന്യാകുമാരിയിലേക്കുള്ള ശ്രീരാമരഥയാത്ര ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്തിന്റെ നേതൃത്വത്തിലും മഹാരാഷ്ട്രയിലേക്കുള്ള ശ്രീരാമരഥയാത്ര മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുമാണ് പ്രയാണം ആരംഭിച്ചിട്ടുള്ളത്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും ശ്രീരാമപാദുകവും ചൂഡാരത്‌നവും ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള സുവര്‍ണ്ണരഥങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം