ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി

March 15, 2012 ദേശീയം

ന്യൂഡല്‍ഹി: റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. ദിനേഷ് ത്രിവേദി രാജിവച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചുപ്പോഴാണ് പ്രണബ് മുഖര്‍ജി വിശദീകരണം   നല്‍കിയത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ടെന്നും  ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ദിനേഷ് ത്രിവേദിയോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഈ വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും പ്രധാനമന്ത്രിയും ചര്‍ച്ചയിലൂടെ പരിഹരിക്കും. യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം