സിബിഐ ഡിവൈഎസ്‌പിയുടെ ആത്മഹത്യയ്ക്കു പിന്നാലെ അമ്മയും മരിച്ചു

March 17, 2012 കേരളം

വൈപ്പിന്‍: സിബിഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ ആത്മഹത്യയ്ക്കുതൊട്ടുപിന്നാലെ അമ്മ നിരുപമ (അമ്മിണി-83)യും മരിച്ചു. ഹരിദത്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അമ്മയുടെ മരണം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു ഇവര്‍.

സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്​പി പി.ജി.ഹരിദത്തിനെ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് വൈപ്പിന്‍ നായരമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരിദത്തിന്റെ ചേട്ടന്‍ വേണുപ്രസാദിന്റെ വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിരുപമ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45ന് മരിച്ചു. അമ്മയുടെ മരണസമയത്ത് ഹരിദത്തിന്റെ മൃതദേഹം ഞാറക്കല്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഹരിദത്തിന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ തറവാട്ടുവളപ്പില്‍ അടുത്തടുത്തായി സംസ്‌കരിച്ചു.

റിട്ട.അധ്യാപികയായ നിരുപമയുടെ ആരോഗ്യനില മൂന്നുദിവസം മുമ്പാണ് മൂര്‍ഛിച്ചത്. തൂങ്ങിമരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹരിദത്ത് ഭാര്യ നിഷയുമൊത്ത് ചേട്ടന്റെ വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു. ഹരിദത്തിന്റെ മരണം അമ്മ അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നായരമ്പലം പടിഞ്ഞാറെക്കൂറ്റ് പരേതനായ ഗോപാലന്റെ ഭാര്യയാണ് നിരുപമ. മരുമക്കള്‍: ഗീത, നിഷ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം