വിളപ്പില്‍ശാല മാലിന്യപ്രശ്നം: പരിഹരിക്കാനുള്ള ഉപസമിതിക്കു രൂപം നല്‍കും

March 17, 2012 കേരളം

കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട് തയാറാക്കാന്‍ സബ് കമ്മറ്റിക്കു രൂപം നല്‍കും. ഹൈക്കോടതിയില്‍ മീഡിയേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണു ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചക്കച്ചേരി കണ്‍വീനറായി സബ് കമ്മിറ്റി രൂപവത്കരിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷനും വിളപ്പില്‍ശാല പഞ്ചായത്തും ധാരണയായത്. സമിതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഉള്‍പ്പെടെ 18 അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരം കോര്‍പറേഷന്‍, വിളപ്പില്‍ശാല പഞ്ചായത്ത്, ജനകീയ സമരസമിതി, ശുചിത്വ മിഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷനും പഞ്ചായത്തും ജനകീയ സമിതിയും വിവിധ പദ്ധതികള്‍ മാലിന്യ സംസ്കരണത്തിനായി നിര്‍ദേശിച്ചു. ഇവയില്‍ നടപ്പാക്കാനാവുന്ന നിര്‍ദേശങ്ങള്‍ കണ്െടത്തുന്നതിനാണ് സബ് കമ്മിറ്റിക്കു രൂപം നല്കിയതെന്നു മീഡിയേഷന്റെ ചുമതലയുള്ള അഡ്വ. എന്‍. ധര്‍മദന്‍, അഡ്വ. സാലീന തോമസ് ചാക്കോ എന്നിവര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍, വിളപ്പില്‍ശാല പഞ്ചായത്ത്, ജനകീയ സമിതി എന്നിവയില്‍ നിന്നു നാലു പ്രതിനിധികളും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ നിന്ന് ഓരോ പ്രതിനിധിയും കമ്മിറ്റിയിലുണ്ട്. 20ന് സബ് കമ്മിറ്റി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നു കക്ഷികള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 23നു രാവിലെ 11നു ഹൈക്കോടതിയില്‍ ചേരുന്ന മീഡിയേഷന്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു തിരുവനന്തപുരം കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംരക്ഷണം അനുവദിച്ചിരുന്നു. എന്നാല്‍, ജനകീയ സമിതിയുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ മാലിന്യനീക്കം തടഞ്ഞു. പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം മധ്യസ്ഥ ചര്‍ച്ചക്കു വേണ്ടി മീഡിയേഷന്‍ കമ്മിറ്റിക്കു വിടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം