ജാതി സെന്‍സസിന്‌ കേന്ദ്രാനുമതി

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 1931നു ശേഷം ആദ്യമായി രാജ്യത്ത്‌ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ്‌ നടത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്‍സസിന്റെ ബയോമെട്രിക്‌ വിവരശേഖരണ ഘട്ടത്തിലാകും ഇത്‌ ഉള്‍ക്കൊള്ളിക്കുക.
അടുത്ത ജൂണില്‍ വീണ്ടും വീടുവീടാന്തരം കയറി ജാതി സെന്‍സസ്‌ പ്രത്യേകമായി നടത്താനാണ്‌ തീരുമാനം. സപ്‌തംബറില്‍ സെന്‍സസ്‌ പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്രാപനം കേന്ദ്രമന്ത്രി അംബികാ സോണി നടത്തും.
ഫിബ്രവരിയിലെ ജനസംഖ്യാ കണക്കെടുപ്പിനെ ബാധിക്കാത്ത തരത്തിലാവും ജാതി സെന്‍സസ്‌ നടത്തുക. ഇതിനായി ഖജനാവിന്‌ 3000 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നാണ്‌ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും.
ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം സമാഹരിച്ചശേഷമാണ്‌ തീരുമാനം എടുത്തത്‌. ജാതി സെന്‍സസില്‍ കണക്കെടുപ്പ്‌ ഒ.ബി.സി. വിഭാഗത്തിന്റെതു മാത്രമായി ചുരുക്കേണ്ടതില്ലെന്നായിരുന്നു വിവിധ പാര്‍ട്ടികളുടെ നിലപാട്‌. അതേസമയം ഉപജാതികളുടെ കണക്കെടുപ്പ്‌ വേണമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.
ജനസംഖ്യാ കണക്കെടുപ്പില്‍ ജാതിയും ഉള്‍പ്പെടുത്തണമെന്ന എല്ലാ പാര്‍ട്ടികളുടെയും ആവശ്യത്തെത്തുടര്‍ന്നാണ്‌ വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക്‌ രുപം നല്‍കിയത്‌. ബജറ്റ്‌ സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ലോക്‌സഭയില്‍ വലിയ ബഹളത്തിന്‌ ഇടയാക്കിയ ജാതി സെന്‍സസിനു വേണ്ടി ശക്തമായി വാദിച്ചത്‌ സമാജ്‌വാദി പാര്‍ട്ടിയും ആര്‍. ജെ. ഡി.യുമാണ്‌. രണ്ടു തവണ യോഗം ചേര്‍ന്നിട്ടും സമവായമുണ്ടാക്കാനാകാത്തതിനാലാണ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക്‌ രൂപം നല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം