തിരുവിതാംകൂറിന്റെ മഹാരാജാവ് നവതിയുടെ നിറവില്‍

March 18, 2012 കേരളം

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് നവതിദിനം പുണ്യദിനമായി മാറി. ശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനം, പ്രത്യേകം പൂജകള്‍, അഭിഷേകം, പിറന്നാള്‍സദ്യ തുടങ്ങി ഒരു വര്‍ഷത്തെ നവതിയാഘോഷങ്ങള്‍ക്ക് ഇന്നലെ ഔപചാരികമായി തുടക്കം കുറിച്ചു. ശ്രീപത്മനാഭജര്‍ശനത്തോടെയാണ് ദിവസം ആരംഭിച്ചത്. പ്രത്യേകം വഴിപാടുകളും കാണിക്കയും പൂര്‍വാചാരപ്രകാരം. മൂന്ന് നടകളിലും വലിയലങ്കാരം ശ്രീപദ്മനാഭന്റെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും നരസിംഹസ്വാമിയുടെയും കൂടാതെ മൂന്ന് നടകളിലും മാലകെട്ടിയലങ്കാരം, സഹസ്രനാമാര്‍ച്ചന, ശ്രീകോവിലിന് ചുറ്റും നിറദീപം എന്നിവ വിശേഷാല്‍ സമര്‍പ്പണം. പവന്‍കാണിക്ക, മൂന്ന്പട്ട്കാണിക്ക, പ്രത്യേക കാണിക്ക എന്നിവയുണ്ടായിരുന്നു. പാല്‍പായസം, മേനിതുലാപായസം, ശാസ്താവിന് അര്‍ച്ചനയും നീരാജനവും എന്നിവ വഴിപാടുകളായി നടത്തി.

പുലര്‍ച്ചെയോടെ ഭജനപ്പുര കൊട്ടാരത്തില്‍ പൂജകള്‍ക്ക് തുടക്കമായി. ഗണപതിഹോമം, ആചാര്യവരണം എന്നിവയ്ക്കു ശേഷം ആയുരാരോഗ്യത്തിനായുള്ള മൃതസഞ്ജീവനിഹോമം നടത്തി. അതിനുശേഷം രോഗദുരിതശാന്തി ലക്ഷ്യമാക്കിയുള്ള മഹാമൃത്യുഞ്ജയഹോമായിരുന്നു. ഋഗ്, യജുര്‍വേദസൂക്തജപം, ഐശ്വര്യലക്ഷ്മീപൂജ, നവതിഐശ്വര്യകലശപൂജ, അഭിഷേകം എന്നിവയായിരുന്നു തുടര്‍ന്ന് നടന്നത്. മുല്ലപ്പൂവും മലരും കൊണ്ടാണ് അഭിഷേകം നടത്തിയത്. ഒടുവില്‍ പ്രത്യക്ഷ ഗോദാനമായിരുന്നു. സര്‍വപ്രായശ്ചിത്തത്തിന് പശുദാനം പുണ്യമായി കരുതപ്പെടുന്നു. പശുവിനേയും കിടാവിനേയുമാണ് ദാനം ചെയ്തത്.

ആലുവ തന്ത്രിവിദ്യാപീഠം മുഖ്യകാര്യദര്‍ശി കോഴിക്കോട് മുല്ലപള്ളി കൃഷ്ണന്‍നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പൂജകളും അഭിഷേകവും ഗോദാനവും നടന്നത്. പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട് പ്രത്യേക നവതി പ്രണാമം അര്‍പ്പിച്ചു. പന്ത്രണ്ട്മണിയോടെ ലെവിഹാളില്‍ ബന്ധുമിത്രാദികളോടൊത്ത് പിറന്നാള്‍ സദ്യയുണ്ണാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെത്തി. ഇരുപതോളം കൂട്ടം ചേര്‍ന്ന വിഭവസമൃദ്ധസദ്യ ഒരുക്കിയിരുന്നു.

പരിപ്പും നെയ്യും കൂട്ടി അല്പം ചോറ്, അതിനുശേഷം ബോളിയും പാല്‍പായസവും. ഒടുവില്‍ അല്പം ചോറ് മോരുകൂട്ടിയും അദ്ദേഹം കഴിച്ചു. എരിയും പുളിയുമുള്ള മറ്റ് വിഭവങ്ങളൊക്കെയും വര്‍ജ്യം. പുതിയ റോള്‍സ്‌റോയ്‌സ് ഫാന്റം കാറിലാണ് ഉത്രാടംതിരുനാള്‍ ചടങ്ങുകള്‍ക്ക് എത്തിച്ചേര്‍ന്നത്. വൈകുന്നേരം കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന ഒരു വര്‍ഷത്തെ നവതിയാഘോഷത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിനും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. നവതിയാഘോഷങ്ങള്‍ നിയമഭസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത കിരീടാവകാശി മൂലം തിരുനാള്‍ രാമവര്‍മ, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം