മദനിയുടെ മുന്‍കൂര്‍ ജാമ്യം: തുടര്‍വാദം ജൂലൈ 7 ന്‌

June 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 7 ന്‌ തുടര്‍വാദം നടക്കും.രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്നാണ്‌ ഹര്‍ജി മാറ്റിവച്ചത്‌. സ്‌ഫോടനം നടത്താന്‍ മദനി കേരളത്തിന്‌ പുറത്ത്‌ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ മദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
മദനിയുടെ യാത്രകളെല്ലാം കേരളാ പോലീസിന്റെ അറിവോടെയായിരുന്നു. കര്‍ണാടകയിലെ കുടകിലെ തീവ്രവാദ ക്യാംപില്‍ മദനി പോയെന്നും ഗൂഢാലോചന നടത്തിയെന്നും പറയുന്നതിന്‌ തെളിവുകളില്ലെന്നും മദനിയ്‌ക്കുവേണ്ടി ഹാജരായ ജി. ഉസ്‌മാന്‍ അറിയിച്ചു. ഈ വാദങ്ങള്‍ ഖണ്‌ ഡിയ്‌ക്കുന്നതിന്‌ രേഖകളുണ്ടടങ്കില്‍ ഹാജരാക്കാന്‍ പോലീസിനോട്‌ കോടതി ആവശ്യപ്പെട്ടു. ഇതിനായാണ്‌ ജൂലൈ 7 വരെ സമയം നല്‍കിയിരിയ്‌ക്കുന്നത്‌. ബാംഗ്ലൂര്‍ സെഷന്‍സ്‌ അതിവേഗ കോടതി ജഡ്‌ജി ശ്രീകാന്ത്‌ വടവട്ടിയാണ്‌ കേസില്‍ വാദം കേട്ടത്‌.
ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ എതിര്‍പ്പ്‌ കഴിഞ്ഞ തവണ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ടെത്തി മദനിയ്‌ക്ക്‌ ജാമ്യം അനുവദിയ്‌ക്കരുതെന്നാവശ്യപ്പെട്ട്‌ സത്യവാങ്‌മൂലം നല്‍കുകയുമുണ്ടായി.
കേസില്‍ 31 ാം പ്രതിയായ മദനിയ്‌ക്കെതിരെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ്‌ വാറന്റ്‌ നിലനില്‍ക്കേയാണ്ടസഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത്‌. അറസ്റ്റ്‌ വാറന്റ്‌ കാലാവധി അടുത്ത മാസം 6 വരെയാണ്‌ നീട്ടിയിരിയ്‌ക്കുന്നത്‌. ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത്‌ അറസ്റ്റിന്‌ തടസ്സമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം