ഇ-മെയില്‍ വിവാദം: ഹൈടെക് സെല്ലിലെ റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ അറസ്റ്റ് ചെയ്തു

March 18, 2012 കേരളം

തിരുവനന്തപുരം: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് വ്യാജകത്ത് തയ്യാറാക്കിയ ഹൈടെക് സെല്ലിലെ റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇ-മെയില്‍ ചോര്‍ത്തുന്നതിനായി ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയെന്ന വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. വിനയകുമാരന്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജുവിനെ സസ്‌പെന്‍ഡും ചെയ്തിരുന്നു. തുടര്‍ന്ന് എ.ഐ.ജി ഘോറി സഞ്ജകുമാറിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേണവും നടത്തിയിരുന്നു.

ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്.പി അയച്ച കത്തും ഇമെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്. പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്നു ലഭിച്ച 268 ഇമെയില്‍ വിലാസങ്ങളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു ഈ കത്ത്. എന്നാല്‍, ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന രീതിയില്‍ വന്ന വാര്‍ത്ത വിവാദമഴിച്ചുവിട്ടു. എന്നാല്‍, പുറത്തുവന്നത് എസ്.പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്.പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം