ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് ഏപ്രില്‍ രണ്ട് വരെ നീട്ടി

March 20, 2012 കേരളം

കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടി. ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്സിയിലെ സുരക്ഷാ ഭടന്മാരായ ലസ്തോറേ മാസി മിലിയാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.എ. ഗോപകുമാര്‍ ഏപ്രില്‍ രണ്ടുവരെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്.

മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കാനുപയോഗിച്ച തോക്കുകളുടെ ഫോറന്‍സിക് പരിശോധന ഇറ്റാലിയന്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ വീണ്ടും നടത്തണമെന്നും നാവികര്‍ക്ക് ജയിലില്‍ ടിവി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം കോടതി മുമ്പാകെ അപേക്ഷ നല്‍കി.

ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കിടെ ഇറ്റാലിയന്‍ പ്രതിനിധികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ വേണ്ടത്ര സഹകരിപ്പിക്കാത്തതുകൊണ്ടാണ് പ്രതിനിധികള്‍ പിന്മാറിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍ വാദിച്ചു. ഇറ്റാലിയന്‍ പ്രതിനിധികളെ ആദ്യാവസാനം പങ്കെടുപ്പിച്ച് വീണ്ടും ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണം. ജയില്‍ നിയമത്തിലെ 946 വകുപ്പ് പ്രകാരം നാവികരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിചാരണ തടവുകാരായി കണക്കാക്കണം. ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടറുടെ അനുമതിയോടെ കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. നാവികര്‍ക്കായി വിനോദോപാധികള്‍ ഒന്നുംതന്നെ ജയിലില്‍ ലഭ്യമല്ല. ഭാഷാപ്രശ്നംകൊണ്ട് ലോകത്തു നടക്കുന്ന ഒരു കാര്യവും അവര്‍ക്ക് മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കാനും കഴിയുന്നില്ല. ഇക്കാരണങ്ങള്‍കൊണ്ട് ജയിലില്‍ ടെലിവിഷന്‍ ലഭ്യമാക്കാന്‍ കോടതി നടപടി സ്വീകരിക്കമെന്നും പ്രതിഭാഗം അഭ്യര്‍ത്ഥിച്ചു.

ജയിലില്‍ നാവികര്‍ക്ക് മാത്രമായി ടിവി അനുവദിക്കുന്നത് മറ്റ് തടവുകാരോടുള്ള വിവേചനമാകുമെന്ന് പ്രതിഭാഗത്തിന്റെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഒ.രാജു വാദിച്ചു. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇറ്റാലിയന്‍ പ്രതിനിധികളുടെ സാന്നിധ്യം അനുവദിച്ചത് കോടതിയാണ്. എന്നാല്‍, പരിശോധന ഏകദേശം പൂര്‍ത്തിയായ ഘട്ടത്തില്‍ പ്രതിനിധികള്‍ സ്വന്തം ഇഷ്ടപ്രകാരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങുന്ന വിവരം അറിയിച്ച് ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ക്ക് പ്രതിനിധികള്‍ കത്ത് നല്‍കിയിരുന്നു. ഇവരുടെ അസാന്നിധ്യത്തിലും പരിശോധന തുടരാന്‍ ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. അപേക്ഷയിന്മേല്‍ 21ന് കോടതി തീരുമാനമെടുക്കും.

പോലീസ് അകമ്പടിയോടെ നാവികരെ രാവിലെ 11 നാണ് കോടതിയില്‍ എത്തിച്ചത്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും മിലിറ്ററി അറ്റാഷെയും ഇറ്റലിയില്‍നിന്നുള്ള മാധ്യമപ്രതിനിധികളും നാവികരെ അനുഗമിച്ചു. കാല്‍ മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കുശേഷം നാവികരെ പോലീസ് വാനില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം