കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

March 20, 2012 കേരളം

ചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. കൂടംകുളം ആണവനിലയത്തിനു തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൂടംകുളവും സമരപ്പന്തലും കനത്ത പൊലീസ് വലയത്തിലാണ്.

അതേസമയം, കൂടംകുളം ആണവനിലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആണവ നിലയത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. പതിനെട്ടോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള നീക്കങ്ങള്‍ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടു മേഖലയ്ക്ക് 500 കോടിയുടെ പ്രത്യേക വികസന പാക്കേജും മല്‍സ്യത്തൊഴിലാളികള്‍ക്കു കോള്‍ഡ് സ്‌റ്റോറേജ് സൗകര്യം അടക്കമുള്ള പദ്ധതികളും മുഖ്യമന്ത്രി ജയലളിത ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ശക്തമായ പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. സമരത്തിനു നേതൃത്വംനല്‍കുന്ന ‘പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി എന്ന സംഘടനയുടെ കണ്‍വീനര്‍ എസ്.പി. ഉദയകുമാര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സംഘടനയുടെ നിയമോപദേഷ്ടാവ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടന്തിക്കര ഗ്രാമവാസികള്‍ നിലയത്തിന്റെ കവാടം ഉപരോധിച്ചു. ഇവരെ വിട്ടയച്ചില്ലെങ്കില്‍ കൂട്ടത്തോടെ അറസ്റ്റ് വരിക്കാനാണു തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയും ആണവോര്‍ജ കമ്മിഷന്‍ മേധാവി എം.ആര്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും കൂടംകുളം നിലയത്തിന് അനുകൂലമായി നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണു ജയലളിതയുടെ പ്രസ്താവന.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം