തിരുവാഭരണ ഘോഷയാത്രയ്ക്ക് വെള്ളായണിയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

March 20, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

നേമം : വെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നേമം കച്ചേരിനടയില്‍ നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി . വെള്ളായണി ദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി ശിങ്കാരിമേളത്തിന്റെയും അശ്വാരൂഢസേനയുടെയും മുത്തുക്കുട ചൂടിയ ബാലികബാലന്മാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളിച്ചു. നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്രയെ ദര്‍ശിക്കാന്‍ റോഡിനുവശത്തുമായി നിരവധിപേരാണ് കാത്തുനിന്നത്.

ക്ഷേത്ര സമിതി ഭാരവാഹികളായ ഊക്കോട് അനില്‍, സതീഷ് , സുനില്‍കുമാര്‍, കെ.സനല്‍കുമാര്‍, പത്മകുമാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. അശ്വതി പൊങ്കാല ദിവസമായ 25 ന് രാവിലെ എട്ടിന് മേല്‍ തങ്കതിരുമുടി വെളിയില്‍ എഴുന്നെള്ളിക്കും ഒമ്പതിന് പൊങ്കാല, 11 ന് അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് പൊങ്കാല നിവേദ്യം, വൈകുന്നേരം ആറിന് ഭജന, രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് കളങ്കാവല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം