മാലിന്യവിരുദ്ധസമരം: തലശേരി പുന്നോല്‍ പെട്ടിപ്പാലത്ത് സംഘര്‍ഷാവസ്ഥ

March 20, 2012 കേരളം

കണ്ണൂര്‍: മാലിന്യവിരുദ്ധസമരം നടക്കുന്ന തലശേരി പുന്നോല്‍ പെട്ടിപ്പാലത്ത് പൊലീസ് നടപടിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. മാര്‍ച്ച് നടത്തിയ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. നഗരസഭയുടെ മാലിന്യവണ്ടി സമരക്കാര്‍ കത്തിച്ചു. പൊലീസ് സഹായത്തോടെ മാലിന്യം തള്ളുമെന്ന് മുന്‍കൂട്ടി വിവരമറിഞ്ഞ സമരസമിതി പ്രവര്‍ത്തകര്‍ രാത്രിതന്നെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം തമ്പടിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് നൂറിലധികം വരുന്ന പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത ശേഷം സമരപ്പന്തല്‍ പൊളിച്ച് നീക്കി മാലിന്യം നിക്ഷേപിച്ചത്. തുടര്‍ന്ന് സമരപ്പന്തലിന് തീവച്ചു. തലശേരി ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികള്‍. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായെത്തി. ഇവര്‍ പിന്തിരിഞ്ഞ് പോകാന്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. തുടര്‍ന്ന് സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് അമ്പതിലകം പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിനിടെ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. നഗരസഭയുടെ മാലിന്യവണ്ടി കത്തിക്കുകയും ചെയ്തു. സമരത്തില്‍   കുട്ടികളെ പങ്കെടുപ്പിച്ചതിന് രക്ഷിതാക്കള്‍ക്കെതിരെയും സമരസമിതിക്കെതിരെയും ബാലപീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പൊലീസിനെ ഉപയോഗിച്ച് പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതെന്ന് തലശേരി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ പറഞ്ഞു. എന്നാല്‍ മാലിന്യപ്രശ്‌നത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമായാണ് പൊലീസ് നടപടിയെടുത്തതെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു.

നഗരസഭയില്‍ പകര്‍ച്ച വ്യാധി പടരാതിരിക്കാനാണ് പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളിയതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. പൊലീസിനെ ഉപയോഗിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങിയിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം