ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ റഷ്യയിലെ സൈബീരിയന്‍ കോടതി ബുധനാഴ്ച വിധി പറയും

March 20, 2012 രാഷ്ട്രാന്തരീയം

മോസ്കോ: ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ റഷ്യയിലെ സൈബീരിയന്‍ കോടതി ബുധനാഴ്ച വിധി പറയും. ഗീത ഭീകരവാദഗ്രന്ഥമാണെന്നാരോപിച്ച് നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്കിലുള്ള പ്രോസിക്യൂട്ടര്‍മാരാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രാദേശിക കോടതിയെ സമീപിച്ചത്. കേസില്‍ അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ സാധു പ്രിയാ ദാസ് പറഞ്ഞു. അതേസമയം, കേസില്‍ ബുധനാഴ്ച വിധി വരുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഡല്‍ഹിയില്‍ റഷ്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാകിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ ഉത്കണ്ഠ അറിയിച്ചു. വൈകാരികവിഷയമെന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ റഷ്യ എല്ലാവിധ സഹായവും നല്‍കണമെന്ന് അലക്സാണ്ടര്‍ കഡാകിനോട് എസ്.എം. കൃഷ്ണ അഭ്യര്‍ഥിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും സാധ്യമായ എല്ലാ സഹായവും റഷ്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് കഡാകിന്‍ ഉറപ്പുനല്‍കി. ഒരു മതഗ്രന്ഥവും കോടതിയിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗീതയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ റഷ്യന്‍ ജനതയോട് അഭ്യര്‍ഥിക്കുമെന്നും കഡാകിന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം