വിഷക്കള്ള്‌ ദുരന്തം: മരണം 26 ആയി

September 11, 2010 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: മലപ്പുറം വിഷക്കള്ളു ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.വാണിയമ്പലം സ്വദേശി നീര്‍ച്ച (34)ആണു മരിച്ചത്‌. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നീര്‍ച്ച അഞ്ചു ദിവസമായി അവശനിലയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. വാണിയമ്പലം കള്ളുഷാപ്പില്‍ നിന്നു മദ്യപിച്ചയാളാണു നീര്‍ച്ച.വിഷക്കള്ളു കുടിച്ച മൂന്നു പേര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്‌.�ചിറ്റൂരില്‍ നിന്നുള്ള കള്ളുവരവ്‌ നിലച്ചതോടെ മധ്യകേരളത്തിലെ മിക്കഷാപ്പുകളുടെയും പ്രവര്‍ത്തനം സ്‌തംഭിച്ചു. എറണാകുളം ജില്ലയില്‍ 11 മണിയോടെ കള്ള്‌ സ്‌റ്റോക്ക്‌ തീര്‍ന്നു.
അതിനിടെ ചിറ്റൂരില്‍ നിന്നുള്ള കള്ളുവരവ്‌ നിലച്ചതോടെ മധ്യകേരളത്തിലെ മിക്കഷാപ്പുകളുടെയും പ്രവര്‍ത്തനം സ്‌തംഭിച്ചു. എറണാകുളം ജില്ലയില്‍ 11 മണിയോടെ കള്ള്‌ സ്‌റ്റോക്ക്‌ തീര്‍ന്നു. നാല്‍പത്‌ മുതല്‍ അമ്പത്‌ ലിറ്റര്‍ വരെ കള്ളു മാത്രമാണ്‌ മിക്കഷാപ്പുകളിലും അളന്നത്‌.
ആലപ്പുഴ ജില്ലയിലെ 573 ഷാപ്പുകളിലായി എഴുപതിനായിരം ലിറ്റര്‍ കള്ളാണ്‌ പാലക്കാടു നിന്ന്‌ എത്തിയിരുന്നത്‌. കള്ളെത്തിയില്ലെങ്കില്‍ രണ്ട്‌ ദിവസത്തിനകം ഷാപ്പുകള്‍ പൂട്ടേണ്ടിവരുമെന്ന്‌ ഉടമകള്‍ വ്യക്‌തമാക്കി. ചിറ്റൂരിലെ തെങ്ങിന്‍തോപ്പുകള്‍ ലേലത്തിനെടുത്ത്‌ കള്ള്‌ ചെത്തിയിരുന്ന ആലപ്പുഴയിലെ ഷാപ്പുടമകളും പ്രതിസന്ധിയിലാണ്‌. ഇടുക്കി കോട്ടയം ജില്ലകളിലും കള്ളിന്‌ ക്ഷാമമുണ്ട്‌.
മലപ്പുറം പാലക്കാട്‌ തൃശൂര്‍ ജില്ലകളിലെ ഷാപ്പുകള്‍ സ്‌പീഡ്‌ കള്ള്‌ വില്‍ക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന്‌ അടഞ്ഞ്‌ കിടക്കുകയാണ്‌.
അതിനിടെ പാലക്കാട്ടു നിന്നുള്ള കള്ള്‌ അന്യജില്ലകളിലേക്കു കൊണ്ടുവരുന്നതു സംസ്‌ഥാന എക്‌സൈസ്‌ കമ്മിഷണര്‍ നിര്‍ത്തലാക്കി. ഇതോടെ സ്വന്തം ചെത്തുതൊഴിലാളികള്‍ ചെത്തിയ കള്ളു മാത്രമേ മറ്റു ജില്ലകളിലെ ഷാപ്പുകളില്‍ വില്‍ക്കാന്‍ കഴിയൂ. താല്‍ക്കാലികമായിട്ടാണു നിര്‍ത്തിയതെന്നാണു വിശദീകരണം.
മറ്റു ജില്ലകളിലേക്കു കള്ളു കൊണ്ടുപോകാന്‍ പെര്‍മിറ്റ്‌ നല്‍കരുതെന്നു പാലക്കാട്ടെ എക്‌സൈസ്‌ ഡപ്യൂട്ടി കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കേരളത്തിലെ കള്ളുല്‍പാദനത്തിന്റെ 90 ശതമാനവും പാലക്കാട്ടെ ചിറ്റൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ പരിധിയിലാണ്‌.
കോഴിക്കോട്ടെ പേരാമ്പ്രയില്‍ പാലക്കാടന്‍ കള്ളു ലോറിയില്‍ നിന്ന്‌ ഇറക്കുന്നതു നാട്ടുകാര്‍ തടഞ്ഞിരുന്നു. സംസ്‌ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും പാലക്കാട്ടു നിന്നു കള്ളു കൊണ്ടുവരുന്നതു ജനം വഴിയില്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണു നിര്‍ത്തിയതെന്നാണു വിശദീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍