പകഴിയം അതിരാത്രത്തിന് മറ്റത്തൂര്‍ ഗ്രാമം ഒരുങ്ങി

March 22, 2012 കേരളം

കൊച്ചി: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പകഴിയം സമ്പ്രദായത്തില്‍ നടക്കുന്ന അതിരാത്രത്തിന് നാളെ തുടക്കമാകുമെന്ന് സംഘാടകരായ ത്രേതാഗ്നി ഫൌണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ കൊടകര മറ്റത്തൂര്‍ കുന്നില്‍ ആരംഭിക്കുന്ന യാഗം ഏപ്രില്‍ മൂന്നുവരെ നീണ്ടുനില്‍ക്കും. സ്വദേശികളും വിദേശികളുമടക്കം അഞ്ചുലക്ഷത്തിലധികംപേര്‍ യാഗം വീക്ഷിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. നൂറു പേര്‍ക്ക് ഒരേസമയം യാഗം വീക്ഷിക്കുന്നതിനായി ഓഡിറ്റോറിയവും ഗാലറികളും തയാറാക്കിയിട്ടുണ്ട്. അതിരാത്രത്തോടനുബന്ധിച്ച് പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

യുനെസ്കോയുടെയും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് അതിരാത്രം നടത്തുക. അതിരാത്രത്തിന് ഒരുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി, കേന്ദ്രമന്ത്രിമാരായ എസ്.എം. കൃഷ്ണ, ഏ.കെ. ആന്റണി, പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യാഗശാല സന്ദര്‍ശിക്കും. അതിരാത്രത്തിന്റെ സംഘാടകരായ കെ.എന്‍. പരമേശ്വരന്‍ നമ്പൂതിരി, കെ.ആര്‍. ദിനേശന്‍, പി.കെ. ഹരി നമ്പൂതിരി, എം.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം