സൂഫിയയ്‌ക്ക്‌ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ ജില്ല വിടാം

June 29, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: കളമശ്ശേരി ബസ്‌ കത്തിയ്‌ക്കല്‍ കേസിലെ പ്രതിയായ സൂഫിയ മദനിയ്‌ക്ക്‌ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ എറണാകുളം ജില്ല വിടാന്‍ കൊച്ചിയില്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി. സൂഫിയയുടെ അപേക്ഷ പരിഗണിച്ചാണ്‌ കോടതി വിധി. ഭര്‍ത്താവ്‌ അബ്‌ദുള്‍ നാസര്‍ മദനിയെ കാണുന്നതിനായി ജില്ല വിട്ടുപോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ബസ്‌ കത്തിയ്‌ക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയ അപേക്ഷ നല്‍കിയിരുന്നത്‌. ഒരു മാസത്തേയ്‌ക്ക്‌ ജില്ലയില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ അനുമതി വേണമെന്നായിരുന്നു സൂഫിയയുടെ ആവശ്യം. എന്നാല്‍ ഇതംഗീകരിയ്‌ക്കാന്‍ കോടതി തയ്യാറായില്ല.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മദനി ഇപ്പോള്‍ കൊല്ലം അന്‍വാര്‍ശ്ശേരിയിലാണുള്ളത്‌. കേസില്‍ മദനി അറസ്റ്റ്‌ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടടന്നും ഇതിന്‌ മുന്‍പായി അദ്ദേഹത്തെ കാണാന്‍ അനുമതി വേണമെന്നും സൂഫിയ ആവശ്യപ്പെട്ടു.കര്‍ശനമായ ജാമ്യവവസ്ഥകള്‍ ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സൂഫിയ നല്‍കിയ അപേക്ഷ അടുത്തിടെ കോടതി തള്ളിയിരുന്നു. എന്തെങ്കിലും പ്രത്യേക ആവശ്യത്തിന്‍മേല്‍ ജില്ലയ്‌ക്ക്‌ പുറത്ത്‌ പോകണമെങ്കില്‍ അത്‌ പരിഗണിയ്‌ക്കാവുന്നതാണെന്ന്‌ വിധി പ്രഖ്യാപിച്ചുകൊണ്ട്‌ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബസ്‌ കത്തിയ്‌ക്കല്‍ കേസില്‍ എറണാകുളം ജില്ലാ കോടതിയാണ്‌ കര്‍ശന വ്യവസ്ഥകളോടെ സൂഫിയയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌. മുന്‍പ്‌ രണ്ട്‌ തവണ ജില്ല വിട്ടുപോകുന്നതിന്‌ പ്രത്യേക ആവശ്യം ചൂണ്ടിക്കാട്ടി സൂഫിയ അപേക്ഷ നല്‍കിയപ്പോള്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം സൂഫിയയുടെ ഹര്‍ജ്ജി. ചോദ്യം ചെയ്യല്‍ അവസാനിച്ച സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥ ഇളവ്‌ ചെയ്യണമെന്നായിരുന്നു ആവശ്യം.ജാമ്യവവസ്ഥയില്‍ ഇളവ്‌ അനുവദിക്കരുതെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.ഐ) കോടതിയില്‍ നിലപാടെടുത്തു. ഇങ്ങനെയുണ്ടായാല്‍ പ്രതി തെളിവ്‌ നശിപ്പിക്കാനും സാക്ഷികളെ സ്വാധിനിക്കാനും ഇടവന്നേയ്‌ക്കും. കേസില്‍ ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം