ഗതാഗതം തടസ്സപ്പെടുത്താത്ത വിധം പൊതുപ്രകടനത്തിനും ഘോഷയാത്രയ്ക്കും അനുമതി

March 23, 2012 കേരളം

കൊച്ചി: വഴിയോരത്ത് പൊതുയോഗവും സമ്മേളനവും അനുവദിക്കാന്‍ പോലീസ് അധികാരികള്‍ക്ക് അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. 2011ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവഴി നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു കണ്ടാണ് കോടതിയുടെ നടപടി. എന്നാല്‍ മതചടങ്ങുകള്‍ക്കും ദേശീയോത്സവങ്ങള്‍ക്കും ഗതാഗതം തടസ്സപ്പെടാത്ത വിധം റോഡിന് ഒരു വശത്തുമാത്രമായി അനുമതി നല്‍കാനുള്ള വ്യവസ്ഥ ശരിവെച്ചു. ഗതാഗതം തടസ്സപ്പെടുത്താത്ത വിധം പൊതുപ്രകടനത്തിനും ഘോഷയാത്രയ്ക്കും അനുമതി നല്‍കുന്ന വ്യവസ്ഥ കോടതി അംഗീകരിച്ചു.

വഴിയോര യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 2011ലെ പൊതുവഴി (സമ്മേളന, പ്രകടന നിയന്ത്രണം) നിയമത്തിന്റെ ഭരണഘടനാ സാധുത വിലയിരുത്തിയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നു കണ്ടാണ് വ്യവസ്ഥ കോടതി റദ്ദാക്കിയിട്ടുള്ളത്.

വഴിയോരത്ത് വേണ്ടത്ര സ്ഥലം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പോലീസ് മേധാവികള്‍ യോഗങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചെങ്കിലും വാദം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ കക്ഷികളുടെയോ തൊഴിലാളി സംഘടനകളുടെയോ സമ്മേളനം നടത്താനുള്ള അപേക്ഷ തള്ളാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സാധിക്കുമെന്ന് കരുതാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. റോഡരികില്‍ യോഗങ്ങള്‍ക്ക് വേണ്ടത്ര സ്ഥലമുള്ളതെവിടെയെന്ന് വ്യക്തമല്ല. അത്തരത്തില്‍ സ്ഥലമുണ്ടെങ്കില്‍ അത് കച്ചവടക്കാരോ സ്വാധീന ശക്തിയുള്ളവരോ കൈയേറിയിട്ടുണ്ടാവും. കൈയേറ്റക്കാര്‍ക്കു പോലും വെള്ളം, വൈദ്യുതി കണക്ഷന്‍ നല്‍കി ഈ പ്രവണത പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും കോടതി വിലയിരുത്തി.

പൊതുവഴികളില്‍ തടസ്സമില്ലാതെ പൊതുജനങ്ങള്‍ക്ക് കാല്‍നടയായും വാഹനത്തിലും സഞ്ചരിക്കാന്‍ അവകാശം നല്‍കുന്നതാണ് 2011ലെ പൊതുവഴി നിയമത്തിലെ മൂന്നാം വകുപ്പ്. കച്ചവടത്തിനും മറ്റും തടസ്സമുണ്ടാകരുതെന്ന് നാലാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ രണ്ട് വകുപ്പുകള്‍ക്കും വിരുദ്ധമാണ് 5ാം വകുപ്പില്‍ നല്‍കുന്ന ഇളവുകള്‍ എന്ന് കോടതി വിലയിരുത്തി.

മത സ്ഥാപനങ്ങള്‍ പൊതു നിരത്തില്‍ യോഗം നടത്താറില്ല. ദേശീയോത്സവങ്ങളും പൊതു നിരത്തില്‍ പതിവില്ല. മത, ദേശീയ ഉത്സവങ്ങളുടെ ഭാഗമായി ഘോഷയാത്രയോ, പ്രദക്ഷിണമോ മറ്റ് ചടങ്ങുകളോ കൊല്ലത്തിലൊരിക്കലേ ഉണ്ടാകാറുള്ളു. ഇത് ഏതെങ്കിലുമൊരു പ്രദേശത്ത് റോഡില്‍ കുറഞ്ഞ ദൂരത്തില്‍ മാത്രമാണ് നടക്കാറുള്ളത്. ഇത് റോഡിന്റെ ഒരു വശത്തു മാത്രമായി ഒതുക്കി വാഹന ഗതാഗതത്തെയും പൊതുജന സഞ്ചാരത്തെയും തടസ്സപ്പെടുത്താത്ത വിധം നടത്താനേ അനുവദിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.

പൊതു പ്രകടനവും ഘോഷയാത്രയും ഗതാഗതം തടസ്സപ്പെടുത്താത്ത വിധം റോഡരികില്‍ നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. തിരക്കേറിയ റോഡില്‍ ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്തും വിധമുള്ള ഇത്തരം പ്രകടനങ്ങള്‍ നടത്താതിരിക്കാനുള്ള വിവേകം രാഷ്ടീയ നേതാക്കള്‍ കാണിക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം