ശ്രീകൂടല്‍മാണിക്യം ക്ഷേത്ര സര്‍പ്പക്കാവില്‍ മോഷണം

March 24, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ മോഷണം.  ഭണ്ഡാരത്തിലുണ്ടായിരുന്ന  10,000 രൂപയോളം നഷ്ടമായി. വെള്ളിയാഴ്ച രാവിലെ സര്‍പ്പക്കാവില്‍ തൊഴാനെത്തിയ ഭക്തജനങ്ങളാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15ന് കുട്ടംകുളത്തിന് സമീപത്തെ ഭണ്ഡാരവും സമാനമായരീതിയില്‍ മോഷണം നടന്നിരുന്നു. ഭണ്ഡാരത്തിന്റെ ആമത്താഴ് തകര്‍ത്ത് ഉള്ളിലെ ലോക്ക് കമ്പിപ്പാരകൊണ്ടോ മറ്റോ അകത്തിയാണ് പണം കവര്‍ന്നിരിക്കുന്നത്. നാലുമാസത്തിലൊരിക്കല്‍ തുറന്ന് കണക്കെടുത്ത ഈ ഭണ്ഡാരത്തില്‍നിന്നു ജനവരിയില്‍ 14,765 രൂപ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പതിനായിരത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ദേവസ്വം വിലയിരുത്തല്‍. കഴിഞ്ഞ 15ന് മോഷണം നടന്നതിനെക്കുറിച്ച് പോലീസില്‍ അറിയിച്ചെങ്കിലും വന്നുനോക്കിയതല്ലാതെ യാതൊരുവിധ അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം അധികൃതര്‍ കുറ്റപ്പെടുത്തി.സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം