കൈക്കൂലി വാഗ്ദാനം: സി.ബി.ഐ. അന്വേഷിക്കും

March 26, 2012 കേരളം,ദേശീയം

ന്യൂഡല്‍ഹി: കരസേനയുടെ ഉപയോഗത്തിനായി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ വെളിപ്പെടുത്തല്‍. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കുമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് രാജ്യത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്കു 12മണി വരെ നിര്‍ത്തിവച്ചു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൈക്കൂലി നല്‍കാതെ കാര്യങ്ങള്‍ നടക്കില്ല എന്നതിന് ഉദാഹരണമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തലെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.സിങ് കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്. നേരത്തെ ജനനത്തീയതി തിരുത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ജനറല്‍ വി.കെ.സിങ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം