കീഴൂട്ട് വിശ്വനാഥന്‍ ശബരീശന്റെ തിടമ്പേറ്റും

March 27, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം:  കൊമ്പന്‍ കീഴൂട്ട് വിശ്വനാഥന്‍  ഇക്കുറി ശബരിമല ധര്‍മശാസ്താവിന്റെ പൊന്‍തിടമ്പേറ്റും. ഇന്നലെ എലിക്കുളം ശ്രീഭഗവതിക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് ഇരുമുടിക്കെട്ടേന്തി വിശ്വനാഥന്‍ ശബരിമലയ്ക്കു പുറപ്പെട്ടു. മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം ഈശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കെട്ടുനിറയ്ക്കല്‍ നടന്നത്. എലിക്കുളം ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് മലയാത്ര നടത്തിയത്. കൊടിയേറ്റു നാള്‍മുതല്‍ തിടമ്പേറ്റുന്നത് ഇനി കീഴൂട്ട് വിശ്വനാഥനാകും.
മന്ത്രി ഗണേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍ വിശ്വനാഥനെ രണ്ട് വര്‍ഷമായി എലിക്കുളം വലിയമുണ്ടയ്ക്കല്‍ ശ്രീജിത്ത് പാട്ടത്തിനെടുത്ത് പരിപാലിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ദേവസ്വംബോര്‍ഡിന്റെ ആനകളായ മലയാലപ്പുഴ രാജന്‍, ഹരിപ്പാട് സ്‌കന്ദന്‍ എന്നിവയിലേതെങ്കിലുമായിരുന്നു ശബരീശന്റെ തിടമ്പേറ്റിയിരുന്നത്. ഇക്കുറി ഈ ആനകള്‍ മദപ്പാടിലായതിനാല്‍ വിശ്വനാഥന് നിയോഗം കൈവരികയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം