പുല്ലുമേട് ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

March 28, 2012 കേരളം

വണ്ടിപ്പെരിയാര്‍: 102 പേരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം സംബന്ധിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാകും ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക എന്നാണ് സൂചന.

ഇന്ന് ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വച്ച് റിപ്പോര്‍ട്ട് കൈമാറാനാണ് കമ്മിഷന്‍ തീരുമാനം.ദുരന്തം ഉണ്ടാകാനുള്ള വസ്തുതകളും സാഹചര്യങ്ങളും, ദുരന്തം സംഭവിച്ചതിന്റെ പ്രത്യേക കാരണങ്ങള്‍ ,ഗൂഢാലോചന ബാഹ്യശക്തികളുടെ ഇടപെടല്‍ ,ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ തുടങ്ങിയവയാണ് കമ്മിഷന്‍ പ്രധാനമായും അന്വേഷിച്ചത്.അന്വേഷണ റിപ്പോര്‍ട്ടില്‍ നേരിട്ട് ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിലും വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടികാണിച്ചിട്ടുണ്ടെന്നാണ് സൂചന.എന്നാല്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ ഉറപ്പിച്ച് പറയുന്നു.

ഇതിനിടെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കിനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹരിഹാരന്‍ നായര്‍ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ബൈക്കിന് അപകടവുമായി നേരിട്ട് ബന്ധമില്ലെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.ഇതേക്കുറിച്ച് കമ്മിഷന്റെ വിലയിരുത്തല്‍ എന്താണെന്നാണ് ഇനി അറിയേണ്ടത്. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് പുല്ലുമേട്ടിലും പരിസരങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് കമ്മിഷന്‍ നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

2011 ജനുവരി 14ന് നടന്ന പുല്ലമേട് ദുരന്തത്തേക്കുറിച്ച് 2011 ജൂലൈയിലാണ് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്.34 സിറ്റിങ്ങുകള്‍ നടത്തിയ കമ്മിഷന്‍ 39 സാക്ഷികളെ വിസ്തരിച്ചു. 116 രേഖകള്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം