എസ്.ഐ പ്രതിയുടെ വെടിയേറ്റു മരിച്ചു

September 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

മലപ്പുറം: മലപ്പുറം കാളിക്കാവിനടുത്ത് ചോക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു. കാളിക്കാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണ (53) നാണ് വിവാഹ തട്ടിപ്പ് കേസിലെ പ്രതിയുടെ വെടിയേറ്റു മരിച്ചത്.

കുടുംബക്കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ പോയപ്പോഴാണ് സംഭവം. വാറണ്ടുമായി വീട്ടിലെത്തിയ വിജയകൃഷ്ണന് നേര്‍ക്ക് പ്രതിയായ ആറങ്ങോടന്‍ മുജീബ് റഹ്മാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം മുജീബ് കാട്ടിലേക്ക് ഓടിരക്ഷപെട്ടു. ഇയാളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മുന്‍ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പലതവണ വിളിപ്പിച്ചെങ്കിലും മുജീബ് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ തേടി അറസ്റ്റ് വാറണ്ടുമായി പോലീസ് വീട്ടിലെത്തിയത്. ഇയാളുടെ വീടിന് സമീപത്ത് ജീപ്പ് നിര്‍ത്തിയ ശേഷം എസ്.ഐയും സംഘവും വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് മുജീബ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. മൂന്നു റൗണ്ട് വെടിവെച്ചു. ആദ്യവെടി തന്നെ എസ്.ഐയുടെ നെഞ്ചിലേറ്റു.

നെഞ്ചില്‍ വെടിയേറ്റ വിജയകൃഷ്ണനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാളികാവ് സ്‌റ്റേഷനിലെ എസ്.ഐ ലീവിലായതിനാല്‍ പകരം ചാര്‍ജ്ജുണ്ടായിരുന്നത് വിജയകൃഷ്ണനായിരുന്നു.

സംഭവം അതീവഗൗരവമായി കാണുന്നുവെന്നും മരണപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് ഏറ്റവും വലിയ ധനസഹായം നല്‍കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയം എസ്.പിയും എ.ഡി.ജി.പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.ജി.പി മലപ്പുറത്തേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം