കരിക്കകം ഉത്സവത്തിന് കൊടിയേറി

March 29, 2012 കേരളം

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഗുരുപൂജയോടെ തുടക്കമായി. ഇനി ഏപ്രില്‍ മൂന്ന് പൊങ്കാലനാള്‍ വരെ കരിക്കകത്തേക്ക് ഭക്തപ്രവാഹം.
ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മുന്‍മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ജയറാം നിര്‍വഹിച്ചു. മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, മേയര്‍ കെ.ചന്ദ്രിക, ട്രസ്റ്റ്‌ചെയര്‍മാന്‍ എം.രാമചന്ദ്രന്‍നായര്‍, സി.പി.ഐ. നേതാവ് പി. രാമചന്ദ്രന്‍നായര്‍, ശിവസേനാനേതാവ് എം.ഭുവനചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജയറാമിന്റെ നേതൃത്വത്തില്‍ 60 കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടെയാണ് ക്ഷേത്രാങ്കണത്തിലെ കലാപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പാര്‍വതി ജയറാമിന്റെ മോഹിനിയാട്ടം അരങ്ങേറി.
വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ കരിക്കകത്തമ്മ പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. ഏപ്രില്‍ മൂന്നിനാണ് പ്രശസ്തമായ പൊങ്കാല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം