‘എന്റിക ലെക്‌സി’ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

March 29, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ കപ്പലായ ‘എന്റിക ലെക്‌സി’ ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേരള തീരത്ത് മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് കപ്പല്‍ പിടിച്ചിട്ടിരുന്നത്. മൂന്നു കോടി രൂപയുടെ ബോണ്ട് കപ്പലുടമകള്‍ സമര്‍പ്പിക്കണം. ഉടമകള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. കേസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം കപ്പിത്താനേയും ജീവനക്കാരേയും ഹാജരാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത തോക്കിന്റെ ശാസ്ത്രീയ പരിശോധനയുടെ വിവരം അറിയാതെ ഇറ്റാലിയന്‍ കപ്പലായ ‘എന്റിക്ക ലെക്‌സി’യെ കൊച്ചി വിടാന്‍ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിടിച്ചെടുത്ത തോക്കാണോ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നും ആയുധത്തില്‍ തിരിമറി നടന്നിട്ടില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. തിരിമറി നടന്നതായി കണ്ടെത്തിയാല്‍ കപ്പല്‍ വീണ്ടും പരിശോധിക്കേണ്ടിവരും. ഇക്കാരണത്താലാണ് പരിശോധനാ വിവരം അറിയുംവരെ കപ്പല്‍ വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കിയിരുന്നു.
42 ദിവസമായി കപ്പല്‍ വെറുതെ പിടിച്ചിട്ടിരിക്കയാണെന്നും ഇത് കമ്പനിക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ടെന്നുമാണ് കപ്പലുടമകള്‍ ബോധിപ്പിച്ചത്. മറൈന്‍ മര്‍ക്കന്‍ൈറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, കസ്റ്റംസ് തുടങ്ങിയവര്‍ കപ്പല്‍ വിട്ടയയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം