ലോഡ്‌ഷെഡിങ് വൈകിട്ടു മാത്രം

March 30, 2012 കേരളം

തിരുവനന്തപുരം: രാവിലത്തെ ലോഡ്‌ഷെഡിങ് ഒഴിവാക്കി വൈകിട്ടു മാത്രം അര മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. രാവിലെയും വൈകിട്ടും പീക്ക് ലോഡ് സമയത്ത് അര മണിക്കൂര്‍ വീതം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനാണു മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ രാവിലത്തെ ഉപയോഗം വന്‍തോതില്‍ കൂടിയതു മൂലമായിരുന്നു ഇത്.
എന്നാല്‍ രാവിലത്തെ ലോഡ്‌ഷെഡിങ് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാല്‍ വൈകിട്ടു മാത്രമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും  ചര്‍ച്ചചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ടു മാത്രം ലോഡ്‌ഷെഡിങ് നടപ്പാക്കിയാല്‍ മതിയെന്നു ബോര്‍ഡ് ചെയര്‍മാനു മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ചാണ് വൈകിട്ട് ആറര മുതല്‍ രാത്രി 10.30 വരെ അരമണിക്കൂര്‍ സൈക്ലിക് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
വൈദ്യുതി നിരക്ക് ശരാശരി 25 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിനുള്ള താരിഫ് പെറ്റീഷന്‍, റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഗാര്‍ഹിക, വാണിജ്യ വിഭാഗങ്ങളില്‍ പെടുന്ന മുഴുവന്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ലോഡ്‌ഷെഡിങ് ബാധകമായിരിക്കും. എച്ച്ടി, ഇഎച്ച്ടി വിഭാഗത്തില്‍ വരുന്ന വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്കു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള മുന്‍ തീരുമാനത്തില്‍ മാറ്റമില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം