സൈന്യവും കേന്ദ്രസര്‍ക്കാരുമായി ഒരു അഭിപ്രായഭിന്നതയുമില്ലെന്നു കരസേനാമേധാവി

March 31, 2012 ദേശീയം

ന്യൂഡല്‍ഹി: സൈന്യവും കേന്ദ്രസര്‍ക്കാരുമായി ഒരു അഭിപ്രായഭിന്നതയുമില്ലെന്നു കരസേനാമേധാവി ജനറല്‍ വി.കെ. സിങ്. പ്രതിരോധ മന്ത്രിയും കരസേനാമേധാവിയുമായി ഭിന്നിപ്പിലാണെന്ന ധാരണ പരത്താന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ സര്‍ക്കാരുമായുള്ള പോരാട്ടമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു.

ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ ജാഗ്രത വേണമെന്നും വി.കെ. സിങ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുമായി ഒരു ഭിന്നതയുമില്ല. എന്തുകൊണ്ടാണ് ഈ സമയത്തു കോഴയുടെ വിഷയം കുത്തിപ്പൊക്കിയതെന്നാണ് ഒരു ചോദ്യം. അതിനുള്ള മറുപടി ഇതുമായി ബന്ധപ്പെട്ട വ്യക്തി വീണ്ടും മാര്‍ച്ച് മാസത്തില്‍ രംഗത്തേക്കു വന്നുവെന്നതാണ് – അദ്ദേഹം തുടര്‍ന്നു.

സേനാമേധാവികളില്‍ സര്‍ക്കാരിനു വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് അവര്‍ തുടരുന്നതെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പ്രതിരോധമന്ത്രിയുമായി സംസാരിച്ചു നേരത്തേ സ്ഥാപനപരമായ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നു വി.കെ. സിങ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കയച്ച കത്തുവരെ ചോര്‍ത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. രാജ്യത്തെ സേവിക്കാനും സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് എങ്കിലും ഇടയ്ക്കു സ്വയം ഉള്ളിലേക്കു നോക്കുകയും വേണം. സൈനികവിഷയങ്ങളില്‍ ചപലവും അടിസ്ഥാനമില്ലാത്തതുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. .

ദിവസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനു ശേഷം കരസേനാമേധാവി വികെ. സിങ്ങിന്റെ ഭാഗത്തു നിന്നു വന്ന ഈ പ്രസ്താവന അദ്ദേഹം മയപ്പെടുന്നതിന്റെ സൂചനയായാണു കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം