ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

March 31, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 22-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്നു വൈകുന്നേരം 6.30ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി അദ്ധ്യക്ഷതവഹിക്കും. അഡ്വ: എം.എ വാഹിദ് എം.എല്‍.എ, മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

ശ്രീരാമനവമി ദിവസമായ നാളെ (ഏപ്രില്‍ 1നു) വൈകുന്നേരം 5ന് കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ ശ്രീരാമനവമി സമ്മേളനം നടക്കും. തുടര്‍ന്ന് കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന പാദുക സമര്‍പ്പണ ശോഭയാത്ര പാളയം ശ്രീ ഹനുമദ്‌സ്വാമി ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തും. തുടര്‍ന്ന് ശ്രീരാമദാസാശ്രമത്തിലേക്കു രഥയാത്ര എത്തിച്ചേരും.

ഏപ്രില്‍ 2 മുതല്‍ 10വരെ, ദിവസവും വൈകുന്നേരം 6.30ന് ശ്രീരാമദാസാശ്രമത്തില്‍ വിവിധങ്ങളായ സമ്മേളനങ്ങള്‍ നടക്കും. ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആര്‍.എസ്.എസ്. ക്ഷേത്രീയ കാര്യവാഹ് എ.ആര്‍.മോഹന്‍ജി, കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍, പി.നാരായണക്കുറുപ്പ്, മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍, ഡോ.പി.ശ്യാമളാദേവി, ഗോപാലകൃഷ്ണ വൈദിക്, ഡോ.എഴമറ്റൂര്‍ രാജരാജവര്‍മ്മ ഡോ.വിളക്കുടി രാജേന്ദ്രന്‍. പ്രൊഫ: എല്‍.ജയന്തിപ്പിള്ള, ഡോ.ജി.ഗിരിജാദേവി, ഡോ.എന്‍. ചന്ദ്രശേഖരന്‍ നായര്‍, ഡോ.ബി.ബാലചന്ദ്രന്‍, ഡോ.കാന്തള്ളൂര്‍ പൗലോസ്, ഡോ.റ്റി.പി.ശങ്കരന്‍കുട്ടിനായര്‍, പ്രൊഫ:ചെങ്കല്‍ സുധാകരന്‍, ബ്രഹ്മചാരി ഹരിഹരചൈതന്യ തുടങ്ങിയ പ്രുമുഖര്‍ പങ്കെടുക്കുന്നു.

ഏപ്രില്‍ 3മുതല്‍ 11വരെ, ദിവസവും രാവിലെ 7.30മുതല്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നവാഹയജ്ഞവും നടക്കും. ഏപ്രില്‍ 7നു വൈകുന്നേരം ചേരുന്ന സമ്മേളനത്തില്‍ പത്മശ്രീ ലഭിച്ച ഡോ.ജെ.ഹരീന്ദ്രന്‍നായരെ ആദരിക്കും.

ഏപ്രില്‍ 11നു വൈകുന്നേരം പണിമൂല ദേവീക്ഷേത്രത്തില്‍ വച്ചു നടക്കുന്ന ആറാട്ടോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം