ഇറ്റാലിയന്‍ കപ്പലിനെ വിട്ടയക്കാനുള്ള ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ

March 31, 2012 കേരളം

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിട്ടുള്ള ഇറ്റാലിയന്‍ കപ്പലിനെ സോപാധികം വിട്ടയക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വി. ചിദംബരേഷും ഉള്‍പ്പെട്ട ഡിവഷന്‍ ബെഞ്ചിന്‍േറതാണ് ഈ ഉത്തരവ്. തിങ്കളാഴ്ച വരെയാണ് സ്റ്റേ. അന്ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുമെന്ന് എന്താണ് ഉറപ്പെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി ചോദിച്ചു. ഇത്തരം എത്ര കേസുകളില്‍ വിദേശികള്‍ രാജ്യം വിട്ട ശേഷം തിരിച്ചെത്തിയിട്ടുണ്ടെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. കോടതി നടപടികള്‍ക്ക് ആവശ്യമാകുമ്പോള്‍ കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കുമോ? കപ്പലുടമകള്‍ ബോണ്ട്‌വ്യവസ്ഥ ലംഘിച്ചാല്‍ എന്താണ് ചെയ്യാനാവുക? സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? – കോടതി ചോദിച്ചു.
കപ്പല്‍ വിട്ടയയ്ക്കാന്‍ വെച്ചിട്ടുള്ള വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ സന്തുഷ്ടരാണോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ നല്‍കിയ മറുപടി. എങ്കില്‍ എന്തുകൊണ്ടാണ് അപ്പീല്‍ നല്‍കാത്തതെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന് മറുപടിയുണ്ടായിരുന്നില്ല.
50 രൂപയുടെ മുദ്രപ്പത്രത്തില്‍ മൂന്നു കോടി രൂപയ്ക്കുള്ള ബോണ്ടെഴുതി നല്‍കിയാണ് കപ്പലും ക്യാപ്റ്റനും ജീവനക്കാരും കൊച്ചി വിടുന്നത്. മുദ്രപ്പത്രത്തിലെ ബോണ്ട് ഫലവത്താകില്ലെന്നും ബാങ്ക് ഗാരന്റി ആവശ്യമാണെന്നും കോടതി വിലയിരുത്തി. 10 കോടി രൂപയുടെ ബാങ്ക് ഗാരന്റി ആയിക്കൂടേ എന്നാണ് തുക സംബന്ധിച്ച കപ്പലുടമകളുടെ സംശയത്തിന് കോടതി മറുചോദ്യമുന്നയിച്ചത്. വലിയ തുകയ്ക്കുള്ള ബാങ്ക് ഗാരന്റിയുണ്ടെങ്കില്‍ മാത്രമേ കപ്പല്‍ ജീവനക്കാരെ ഹാജരാക്കാന്‍ ശ്രദ്ധയുണ്ടാകൂ എന്നാണ് കോടതിയുടെ വിലയിരുത്തല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം