ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി

April 2, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി. ആചാരവെടികള്‍പോലും ഇല്ലാതെയാണ് മഹാക്ഷേത്രമായ ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ സ്‌ഫോടകവസ്തു ലൈസന്‍സില്ലാതെ കതിനവെടി അരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രങ്ങളില്‍ വെടിവഴിപാട് നിര്‍ത്തിയതെന്ന് ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍ പറഞ്ഞു. എല്‍.ഇ-2 ലൈസന്‍സിനായി ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ 12 ക്ഷേത്രങ്ങളിലാണ് വെടിവഴിപാടുള്ളത്. അതില്‍ തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍ക്കാവ്-പഴയന്നൂര്‍ക്കാവ് എന്നീ ക്ഷേത്രങ്ങള്‍ ഒഴിച്ച് മറ്റ് ക്ഷേത്രങ്ങളില്‍ വെടിവഴിപാട് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. മേല്‍പ്പറഞ്ഞ മൂന്ന് ക്ഷേത്രങ്ങളിലും അതത് സ്ഥലത്ത് കതിനവെടി നടത്തുന്നതിനായുള്ള പ്രത്യേക ലൈസന്‍സുണ്ട്. കാലങ്ങളായി ബന്ധപ്പെട്ട ലൈസന്‍സില്ലാതെയാണ് മറ്റ് ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നടത്തിവന്നിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം