ആറാട്ടുപുഴ പൂരത്തിനു തുടക്കമായി

April 5, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ചേര്‍പ്പ്: ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരത്തിനു തുടക്കമായി. ദേവമേളയുടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിയതോടെയാണു പൂരംചടങ്ങുകള്‍ തുടങ്ങിയത്. പിന്നീടു 150 മേളകലാകാരന്മാര്‍ പഞ്ചാരിമേളം തീര്‍ത്തതു വര്‍ണനാതീതമായി. തുടര്‍ന്നു പൂരപ്പാടത്തെ ആകാശത്തില്‍ വര്‍ണങ്ങള്‍ വാരിവിതറി കരിമരുന്നുപ്രയോഗം.
തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്ന് ആരായാനായി 15 ആനകളുടെ അകമ്പടിയോടെ ഏഴുകണ്ടം വരെ പോയ ആറാട്ടുപുഴ ശാസ്താവ് മടക്കയാത്രയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നിലപാടുതറയില്‍ നിലകൊണ്ടു.
രാത്രി പതിനൊന്നോടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പു കഴിഞ്ഞിരുന്നു. ഏഴ് ആനകളും പഞ്ചാരിമേളവും അകമ്പടിയായി. 11ന് അഞ്ച് ആനകള്‍, പാണ്ടിമേളം എന്നിവയോടെ നെട്ടിശേരി ശാസ്താവ് എഴുന്നള്ളിയെത്തി. 12ന് അഞ്ച് ആനകളോടെയും പഞ്ചാരിമേളത്തോടെയും എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ഒരുമണിയോടെ പൂനിലാര്‍ക്കാവ്, കടുപ്പശേരി, ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ച് ആനകളോടെയും പഞ്ചാരിമേളത്തോടെയും എഴുന്നള്ളിയെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം