ശബരിമല ഉത്സവത്തിന് ആറാട്ടോടെ സമാപനം

April 6, 2012 കേരളം

ശബരിമല: പത്തുദിവസം നീണ്ടുനിന്ന ശബരിമല ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ഇന്നലെ ഉച്ചയ്ക്കു പമ്പയിലെ ആറാട്ടുകടവിലായിരുന്നു ആറാട്ട്. തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ആറാട്ട്. മേല്‍ശാന്തി ജി. ബാലമുരളി സഹകാര്‍മികത്വം വഹിച്ചു.  പള്ളിവേട്ടയ്ക്കുശേഷം സോപാനത്തിനു സമീപം വച്ചിരുന്ന അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം കഴിഞ്ഞ് ഇന്നലെ രാവിലെ ശ്രീകോവിലിനുള്ളിലേക്ക് ആനയിച്ചു. ഉഷഃപൂജയ്ക്കുശേഷം പമ്പയിലേക്ക് ആറാട്ടിനു പുറപ്പെട്ടു. വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്.

പമ്പയില്‍ നടന്ന ആറാട്ടിനു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍, മെംബര്‍മാരായ കെ.സിസിലി, കെ.വി.പത്മനാഭന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.  പമ്പാ ഗണപതിക്ഷേത്രത്തില്‍ വിശ്രമത്തിനുശേഷം നാലോടെ തിരിച്ചെഴുന്നള്ളത്തു തുടങ്ങി. പതിനെട്ടാംപടി കയറി ആറാട്ടെഴുന്നള്ളത്തു സന്നിധാനത്തെത്തിയതോടെ ഉത്സവക്കൊടിയിറങ്ങി. രാത്രി നട അടച്ചു. വിഷു ഉത്സവത്തിനായി പത്തിനു വൈകുന്നേരം 5.30ന് നട തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം