ഡ്രൈവിംഗ് ടെസ്റുകള്‍ കാമറയില്‍ പകര്‍ത്തുന്ന സംവിധാനം നിലവില്‍വന്നു

April 8, 2012 കേരളം

കൊല്ലം: ലൈസന്‍സ് നല്‍കുമ്പോള്‍ ഉണ്ടാകുന്ന അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ഡ്രൈവിംഗ് ടെസ്റുകള്‍ കാമറയില്‍ പകര്‍ത്തുന്ന സംവിധാനം നിലവില്‍വന്നു. തിങ്കളാഴ്ച മുതലാണ് ടെസ്റിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം നടന്ന വിജിലന്‍സ് റെയ്ഡില്‍ ഡ്രൈവിംഗ് ടെസ്റില്‍ അഴിമതി നടക്കുന്നത് കണ്െടത്തിയിരുന്നു. ഇത് കൂടാതെ നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ച് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയത്. നിലവില്‍ എച്ച്, എട്ട് ടെസ്റുകളാണ് കാമറയില്‍ പകര്‍ത്തുന്നത്. റോഡ് ടെസ്റ്റ് കാമറയില്‍ പകര്‍ത്തുന്നില്ല. പുതിയ സംവിധാനം സുതാര്യമായി നടന്നുവരുകയാണ്. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യങ്ങള്‍ക്കായി അനുവദിച്ച കാമറയാണു ടെസ്റ്റിനും ഉപയോഗിക്കുന്നത്.

ഇതു ചില പോരായ്മകള്‍ സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥര്‍ക്കു പരാതിയുണ്ട്. നിശ്ചല ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാമറയാണ് നല്‍കിയതെന്നതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. അരമണിക്കൂര്‍ കഴിയുമ്പോള്‍ കാമറ താനേ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് മറ്റൊരു പ്രശ്നം. ഇത് ഓരോ അര മണിക്കൂര്‍ ഇടവേളയില്‍ റീസെറ്റ് ചെയ്യണം. കാമറ വയ്ക്കാന്‍ സ്റാന്‍ഡ് നല്‍കാത്തതും പ്രശ്നങ്ങളുണ്ടാക്കുന്നു. അപേക്ഷകരുടെ തിരക്കുകൂടുമ്പോള്‍ പുതിയസംവിധാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്െടന്നും ജോലിക്കിടെ കാമറ ദൃശ്യംപകര്‍ത്തേണ്ട അധികജോലി വന്നതും മോട്ടോര്‍ വാഹനവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരില്‍ അതൃപ്തിയുണ്ടാക്കുന്നുണ്ട്.

ഓരോ ആര്‍.ടി.ഒ. ഓഫീസിന്റെയും പരിധിയില്‍ നടന്ന മുഴുവന്‍ ടെസ്റിന്റെയും ദൃശ്യങ്ങള്‍ അതതുദിവസം വൈകുന്നേരം സി.ഡി.യിലാക്കി ആര്‍ടിമാര്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശമുള്ളത്. വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ ഡ്രെെവിംഗ് ടെസ്റില്‍ പിഴവു വരുത്തുന്നവര്‍ക്കാര്‍ക്കെങ്കിലും ഏതെങ്കിലും ഒരു മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥന്‍ ലൈസന്‍സ് നല്‍കിയെന്നു കണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും.  അതുകൊണ്ടുതന്നെ സുതാര്യമായിട്ടായിരിക്കും ഇനി ടെസ്റ് നടക്കുക. രേഖകള്‍ പരിശോധിക്കുന്നതു കൂടാതെ ക്യാമറ ഉപയോഗിക്കുന്നതിനായി ഒരു അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ അധിക ചുമതലയേല്‍പ്പിക്കും.

ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ചുയരുന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാനാണു വകുപ്പിന്റെ നടപടി. പുതിയ സംവിധാനത്തെ കുറിച്ച് വിലയിരുത്താന്‍ കഴിഞ്ഞദിവസം രാവിലെ സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒമാരുടേയും യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം