ദ്വാദശമാത്രകള്‍

April 8, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ശരീരത്തിലെ ഭൂതമാത്രകളിലൂടെ ജീവനുലഭിച്ച പരിശീലനം പ്രപഞ്ചശരീരത്തിലും പ്രയോജനപ്പെടുത്തുവാന്‍ കഴിയും. പ്രപഞ്ചത്തിലെ ഭൂതമാത്രാചലനങ്ങളെ കടന്നെത്തുന്ന ജീവനുണ്ടാകുന്ന അനുഭവങ്ങള്‍ പന്ത്രണ്ടുമാത്രകളായി നാദബിന്ദൂപനിഷത്ത് തരംതിരിച്ചിരിക്കുന്നു. മൂന്നുകാലങ്ങളിലും മാറ്റംവരാതെതുടരുന്ന ഈ മാത്രാചലനങ്ങളെ പ്രണവത്തിന്റെ ‘ദ്വാദശകല അഥവാ ദ്വാദശമാത്രകള്‍’. ഓരോ മാത്രയിലും ബന്ധപ്പെടുന്ന ജീവന് ഓരോ അനുഭവങ്ങളുണ്ടാകുന്നു. ഈ അനുഭവങ്ങളെ ആസ്പദമാക്കി ഓരോനാമവും നല്കിയിട്ടുണ്ട്. പ്രസ്തുത മാത്രകളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

1. ഘോഷിണി
2. വിദ്യ
3. പതംഗിനി
4. വായുവേഗിനി
5. നാമധേയ
6. ഐന്ദ്രി
7. വൈഷ്ണവി
8. ശാങ്കരി
9. മഹതി
10. ധൃതി
11. നാരി
12. ബ്രാഹ്മി

”ഘോഷിണീ പ്രഥമാമാത്രാ വിദ്യാമാത്രാ തഥാള പരാ
പതംഗിനീ തൃതീയാസ്യാച്ചതുര്‍ത്ഥീ വായുവേഗിനീ
പഞ്ചമീ നാമധേയാ തു ഷഷ്ഠി ചൈന്ദ്ര്യഭിധീയതേ
സപ്തമീ വൈഷ്ണവീ നാമ അഷ്ടമീ ശാങ്കരീതി ച
നവമീ മഹതീ നാമ ധൃതിസ്തു ദശമീ മതാ
ഏകാദശീ ഭവേന്നാരീ ബ്രാഹ്മീ തു ദ്വാദശീ പരാ.”

മേല്പറഞ്ഞ പന്ത്രണ്ടുമാത്രകളും ജീവനുണ്ടാകുന്ന അനുഭവതലങ്ങളാണെന്നറിയുമ്പോള്‍ പ്രണവസ്വരൂപം തന്റെ ജീവന്‍തന്നെയാണെന്ന് വ്യക്തമാകും. ഓരോമാത്രയിലും ജീവന്‍ വ്യാപരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെ താഴെക്കുറിക്കുന്നു. ഒന്നാംമാത്രയായ ഘോഷിണിയിലെത്തിച്ചേരുന്ന ജീവന് അവിടെവച്ച് ശരീരം വെടിയുകയാണെങ്കില്‍ ആ ജീവനെത്തുന്നപദവി (അനുഭവപദവി) ഭാരതവര്‍ഷരാജത്വമാണ്.

”പ്രഥമായാം തു മാത്രായാം യദിപ്രാണൈര്‍ വിയുജ്യതേ
ഭരതേവര്‍ഷരാജാസൗ സാര്‍വ്വഭൗമപ്രജായതേ” – സാര്‍വഭൗമനായിത്തീരുന്ന ഈ ജീവന്റെ അവസ്ഥയില്‍കാണുന്നഭാരതം ഭൂമിശാസ്ത്രപരമായ ഇന്ത്യയല്ല, മറിച്ച് ജ്ഞാനഭൂമിയാണ്. യോഗശാസ്ത്രത്തിലെ ജ്ഞാനഭൂമികകള്‍ ശുഭേച്ഛ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസ്‌ക്തി, പദാര്‍ത്ഥഭാവന, തുര്യഗ എന്നിങ്ങനെ ഏഴെണ്ണമാണ്.
രണ്ടാംമാത്രിയില്‍ ദേഹംവെടിയുന്നവന്‍ യക്ഷനായും,  മൂന്നാമത്തേതില്‍ വിദ്യാധരനായും, നാലില്‍ ഗന്ധര്‍വ്വനായും, അഞ്ചില്‍ ടന്ദ്രലോകത്തില്‍ ഉഷിതനെന്ന ദേവനായും തീരും. ആറാംമാത്രയില്‍ ഇന്ദ്രപദവിയിലെത്തിയും, ഏഴാമത്തേതില്‍ വിഷ്ണുപദവി നേടിയും, എട്ടാമത്തേതില്‍ രുദ്രപദമണഞ്ഞും (പശുപതി പദം), ജീവന്‍ ഉന്നതിനേടുന്നു. ഒന്‍പതില്‍ മഹര്‍ലോകവും, പത്തില്‍ ജനുര്‍ലോകവും, പതിനൊന്നില്‍ തപോലോകവും, പന്ത്രണ്ടില്‍ അനശ്വരമായ ബ്രഹ്മപദവും പ്രാപിക്കുന്നു.

”ദ്വിതീയായാം സമുത്ക്രാന്തോ ഭവേദ്യക്ഷോ മഹാത്മവാന്‍
വിദ്യാധരസ്തൃതീയായാം ഗാന്ധര്‍വസ്തു ചതുര്‍ത്ഥിക.
പഞ്ചമ്യാ ചതു മാത്രായാം യദി പ്രാണൈര്‍ വിയുജ്യതേ
ഉഷിതഃ സഹദേവത്വം സോമലോകേ മഹീയതേ.
ഷഷ്ഠ്യാമിന്ദ്രസ്യ സായൂജ്യം സപ്തമ്യാം വൈഷ്ണവം പദം
അഷ്ടമ്യാം വ്രജതേ രുദ്രം പശൂനാം ച പതിം തതഃ
നവമ്യാം തു മഹര്‍ലോകം ദശമ്യാം തു ജനം വ്രജേത്
ഏകാദശ്യാം തപോലോകം ദ്വാദശ്യാം ബ്രഹ്മശാശ്വതം.”

സ്ഥൂലശരീരത്തിലെ പ്രണന്‍ സൂക്ഷ്മതലങ്ങളിലേക്ക് കടന്നെത്തുമ്പോഴുളള അനുഭവങ്ങളെയാണ് അധ്യാത്മഗ്രന്ഥത്തില്‍ വിവിധ ദേവതകളുടെ ലോകമായി കൊടുത്തിരിക്കുന്നത്. മാത്രമല്ല, മനുഷ്യസമൂഹത്തിന് മാത്രമുളള സുകൃതപരിപാകം മാത്രമാണിതെന്നുളളതും അറിയണം. പ്രപഞ്ചത്തിന്റെ ബൃഹത്തും മഹത്തുമായ രൂപകല്പനയെ മനുഷ്യശരീരത്തിന്റെ അവയവങ്ങളുമായി കൂട്ടിയിണക്കി ഭാവാവിഷ്‌കരണം നടത്തിയിട്ടുണ്ട്. ഉപനിഷത്തിലെ അതിമനോഹരമായ ഈ സങ്കല്പം ജീവാത്മപരമാത്മഭാവങ്ങളെ കൂട്ടിയിണക്കുന്ന അത്യുദാത്തമായ മാധ്യമമാണ്. പ്രപഞ്ചശരീരത്തിലെ ഗുണങ്ങളെ പാദാദികം ആയും തത്ത്വത്തെ ശരീരമായും ധര്‍മത്തെ വലത്തേകണ്ണായും അധര്‍മത്തെ ഇടത്തേകണ്ണായും ഭൂലോകത്തെ പാദങ്ങളായും ഭുവര്‍ലോകത്തെ നാഭിയായും, ജനുര്‍ലോകം ഹൃദയമായും, തപോലോകം കഴുത്തായും, സത്യലോകം പുരികമദ്ധ്യമായും ശരീരഭാവനയില്‍ കോര്‍ത്തിണക്കിയിരിക്കുന്ന ജീവാത്മതത്ത്വം അതീവവിശിഷ്ടമായ ഭാവനയാണ്.

‘പാദാദികം ഗുണസ്തസ്യ ശരീരം തത്ത്വമുച്യതേ
ധര്‍മ്മോള സ്യ ദക്ഷിണം ചക്ഷുരധര്‍മ്മോളഥോധരസ്മൃതഃ
ഭൂലോകഃ പാദയോസ്തസ്യ ഭൂവര്‍ലോകസ്തു ജാനുനി
സുവര്‍ലോകഃ കടിദേശേ നാഭിദേശേ മഹത് ജഗത്
ജനോലോകസ്തു ഹൃദ്ദേശേ കണ്‌ഠേ ലോകസ്തപസ്തദാ
ഭ്രൂര്‍ലലാടമദ്ധ്യേ തു സത്യലോകോ വ്യവസ്ഥിതഃ

പ്രണവത്തെ ഒരുഹംസമായിട്ട് സങ്കല്പിക്കുകയാണെങ്കില്‍ അകാരം അതിന്റെ വലത്തേചിറകും ഉകാരം ഇടത്തേചിറകും മകാരം വാലും അര്‍ധമാത്ര ശിരസ്സുമാകുന്നു. സത്വഗുണത്തെ ശരീരമായും രാജസതാമസഗുണങ്ങളെ രണ്ടുകാലുകളായും വിഭാവനം ചെയ്തിരിക്കുന്നു. പ്രണവമെന്ന തത്ത്വത്തെ അറിയുന്നതിനുവേണ്ടി മഹാതപസ്വികായ ആചാര്യന്മാര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ ഹൃദ്യങ്ങളും തത്ത്വാത്മകവുമാണ്. ആധുനികകാലഘട്ടത്തിന്റെ ശാസ്ത്രവീക്ഷണങ്ങളെ അതിലംഘിക്കുന്ന അനേകം സിദ്ധാന്തങ്ങള്‍ മനോഹരമായ ആലങ്കാരികഭാഷയില്‍ അവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ