ശൃംഗേരി മഠാധിപതി സ്വാമി ഭാരതീ തീര്‍ഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം

April 8, 2012 കേരളം

കാലടി: ശൃംഗേരി മഠാധിപതി സ്വാമി ഭാരതീ തീര്‍ഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിനു മഠാധിപതിയുടെ പ്രശംസ. ആദിശങ്കരന്‍ സ്ഥാപിച്ച കര്‍ണാടകയിലെ ശൃംഗേരി മഠത്തിന്റെ തലവനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ രാവിലെയാണ് കാലടിയിലെ ശൃംഗേരി ആദിശങ്കര മഠത്തില്‍ കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി വെള്ളിയാഴ്ച വൈകിട്ടു കാലടിയിലെത്തിയ സ്വാമിയെ ദര്‍ശിക്കുന്നതിനു മുഖ്യമന്ത്രി പത്‌നീസമേതം രാവിലെ 6.50നു കാലടിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ കാണിക്ക അദ്ദേഹം സ്വാമിക്കു സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയെ ഷാള്‍ അണിയിച്ചും അദ്ദേഹത്തിന്റെ പത്‌നി മറിയാമ്മയ്ക്കു പട്ടുസാരിയും നല്‍കിയും സ്വാമി അനുഗ്രഹിച്ചു. ആദിശങ്കരന്റെ ജന്മനാടിനും ജന്മഭൂമി ക്ഷേത്രത്തിനും  വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന സേവനങ്ങളെ സ്വാമി പ്രകീര്‍ത്തിച്ചു.

തന്നോടും ശൃംഗേരി മഠത്തിനോടും സര്‍ക്കാര്‍ കാണിക്കുന്ന ബഹുമാനാദരങ്ങളെ സ്വാമി അനുസ്മരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കര്‍മനിരതയെ പ്രശംസിക്കുകയും ചെയ്തു. മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എംപി, ജോസ് തെറ്റയില്‍ എംഎല്‍എ, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ചു. ശൃംഗേരിമഠം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.വി.ആര്‍. ഗൗരീശങ്കര്‍ മുഖ്യമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം