നെടുമ്പാശേരിയില്‍ എയര്‍പോര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നു

April 9, 2012 കേരളം

നെടുമ്പാശേരി: ഒരു ദശാബ്ദത്തിന് മുമ്പ് തയാറാക്കിയ മാസ്റര്‍പ്ളാന്‍ അനുസരിച്ച് നെടുമ്പാശേരിയില്‍ സിയാലിന്റെ എയര്‍പോര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നു. മാസ്റര്‍പ്ളാനിലെ വന്‍കിട പ്രോജക്ടുകളെല്ലാം പൂര്‍ത്തിയായി വരികയാണ്. സിയാലിന്റെ വ്യോമയാനേതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ഇതോടൊപ്പം സിയാല്‍ ഊര്‍ജ-ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലേക്കും കടക്കുമെന്നു ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനും വ്യക്തമാക്കിയിട്ടുണ്ട്.

സിയാലിന്റെ ഗോള്‍ഫ് കോഴ്സ് സിറ്റിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാംഘട്ട വികസനം സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനുള്ള തീവ്രശ്രമം നടന്നുവരികയാണ്. 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ നെടുമ്പാശേരി അന്താരാഷ്ട്ര ഗോള്‍ഫ് കോഴ്സ് ടൂര്‍ണമെന്റിന്റെ വേദിയാകും. സിയാല്‍ അക്കാദമി ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ഇതിനുണ്ട്.

സിയാലിന്റെ മെയിന്റനന്‍സ് റിപ്പയര്‍ ഓവറോള്‍ (എംആര്‍ഒ) പ്രവര്‍ത്തിച്ചു തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതിനു മുമ്പേ ഇവിടെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.

വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതോടൊപ്പം നിയമാനുസൃതമായ പരിശോധനകള്‍ക്കും സൌകര്യമുണ്ട്. എംആര്‍ഒ വ്യോമയാന ഗതാഗതമേഖലയിലേക്കുള്ള സിയാലിന്റെ ഒരു പുത്തന്‍ കാല്‍വയ്പാണ്. ഒന്നാംഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. സിയാലിന്റെ ട്രേഡ് ഫെയര്‍-എക്സിബിഷന്‍ സെന്റര്‍ പൂര്‍ത്തിയായി വരുന്നു. 2012-ല്‍ തന്നെ ഇതിന്റെ ഉദ്ഘാടനം നടത്താന്‍ കഴിയും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ശിലാസ്ഥാപനം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന മേഖലയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സിയാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ജോലികള്‍ ഏറ്റെടുത്തുകഴിഞ്ഞു. സിയാലിലെ പ്രത്യേക ടീമാണ് കണ്ണൂരില്‍ നിര്‍മാണ ജോലികളുടെ മേല്‍നോട്ടം വഹിക്കുന്നത്. സിയാലിന് ആവശ്യമായ വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു. പാലക്കാട് – കഞ്ചിക്കോട് മേഖലയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇത് ഉടന്‍ പ്രാവര്‍ത്തികമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം