പൊന്‍കണിയൊരുക്കി കണിക്കൊന്നകള്‍

April 9, 2012 കേരളം

തിരുവനന്തപുരം: വിഷുവിന്റെ വരവറിയിച്ച് നാടാകെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പതിവിന് വ്യത്യസ്തമായി ഇത്തവണ മാര്‍ച്ച് ആരംഭത്തില്‍തന്നെ കണിക്കൊന്നകള്‍ പൂക്കുവാന്‍ തുടങ്ങിയിരുന്നു. മീനമാസത്തിലെ കൊടും വെയിലില്‍ മഞ്ഞ നിറത്തിലുള്ള കണിക്കൊന്ന പൂക്കള്‍ സ്വര്‍ണമായി തിളങ്ങി നില്‍ക്കുന്ന കാഴ്ച ഹൃദ്യമാണ്. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും ഇലകള്‍ പോലും കാണാത്ത രീതിയില്‍ കണിക്കൊന്നകള്‍ പൂഞ്ഞുലഞ്ഞു നില്കുന്നത് ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

വിഷുദിനത്തില്‍ പുലര്‍ച്ചെ കണികാണാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ പ്രധാനമാണു കണിക്കൊന്ന പൂക്കള്‍. പഴയ കാലത്തില്‍നിന്നും വ്യത്യസ്തമായി ഇപ്പോള്‍ കണിക്കൊന്ന പൂക്കള്‍ ഒരു കച്ചവട വസ്തു കൂടിയാണ്. വിഷുവിന്റെ തലേദിവസം നാടാകെ ഓടിനടന്നു പൂക്കള്‍ പറിച്ച് വഴിയരികിലും നിരത്തിലും പൂക്കള്‍ ചെറുകെട്ടുകളാക്കി വില്പനയുണ്ടാകും. വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നവരുമുണ്ട്. അന്യനാട്ടിലുള്ള മലയാളികള്‍ക്കു കണിയൊരുക്കാനായി വിഷുവിന് രണ്ടു നാള്‍ മുമ്പു കണിക്കൊന്ന പൂക്കള്‍ കയറ്റി അയയ്ക്കുന്ന പതിവുമുണ്ട്. ശക്തമായ മഴ പെയ്താല്‍ പൂക്കള്‍ കൊഴിയും. അതിനാല്‍ മലയാളികള്‍ വിഷുവരെ ശക്തമായ മഴ പെയ്യരുതെന്ന പ്രാര്‍ഥനയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം