ബാലരാമപുരം: വെള്ളായണി കാര്‍ഷിക സര്‍വകലാശാല വളപ്പില്‍ നടന്ന തെങ്ങുകയറ്റ യന്ത്രപ്രദര്‍ശന, പ്രവര്‍ത്തന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ആളെത്തി. ബാംഗ്ലൂരില്‍ നിന്ന് രണ്ടുപേരും മത്സരത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാവുകയുള്ളൂ.
മത്സരങ്ങള്‍ വെള്ളിയാഴ്ച അവസാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത 21 യന്ത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച മൂന്ന് യന്ത്രങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം ലഭിക്കും. തെങ്ങുകയറ്റക്കാര്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഫലപ്രദമായി തേങ്ങയിടാനുള്ള യന്ത്രം വികസിപ്പിച്ചെടുക്കുന്നതിനായി വ്യവസായ-വാണിജ്യ വകുപ്പാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ മുന്നോടിയായി ഏപ്രില്‍ മാസത്തില്‍ യന്ത്രങ്ങളുടെ ഡിസൈന്‍ ക്ഷണിച്ചിരുന്നു. ലഭിച്ച ഡിസൈനുകളില്‍ നിന്ന് തിരഞ്ഞെടുത്ത 8 ഡിസൈനുകള്‍ യന്ത്രമാക്കി വികസിപ്പിക്കുവാന്‍ ഒരുലക്ഷം രൂപ വീതം നല്‍കുകയും ചെയ്തു. ഇവരും പുതുതായി യന്ത്രങ്ങളുമായി എത്തിയ 13 പേരും ഉള്‍പ്പെടെയാണ് 21 പേര്‍ മത്സരത്തില്‍ പങ്കെടുത്തത്.
ഇവരില്‍ ആളിനെയും കൊണ്ട് തെങ്ങില്‍കയറി തേങ്ങയിടുന്ന യന്ത്രവുമായി എത്തിയത് തൃശ്ശൂര്‍ സ്വദേശി വി.വി. ചന്ദ്രന്‍ മാത്രമാണ്. മറ്റുള്ളവരെല്ലാം നിലത്തുനിന്ന് നിയന്ത്രിക്കുന്ന ആളില്ലാതെ തെങ്ങില്‍ കയറി തേങ്ങയിടുന്ന യന്ത്രങ്ങളാണ് കൊണ്ടുവന്നത്. പങ്കെടുത്തവരില്‍ 9 പേര്‍ക്ക് മാത്രമേ യന്ത്രം തെങ്ങിന് മുകളിലെത്തിച്ച് തേങ്ങയിടാന്‍ കഴിഞ്ഞുള്ളൂ. പ്രവൃത്തി പരിചയക്കുറവും സാങ്കേതികതകരാറുംമൂലം മത്സരത്തില്‍ നിന്ന് പിന്‍മാറിയവരും ഉണ്ട്. മികച്ച യന്ത്രങ്ങള്‍ നിര്‍മിച്ചവര്‍ക്ക് അവ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുവാനാണ് 10 ലക്ഷം രൂപ വീതം നല്‍കുന്നത്.
Discussion about this post