തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ പേര് ചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്.
അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകള്‍ 14ന് പ്രസിദ്ധീകരിക്കും.
ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.













