കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷമായതിനാല്‍ കൊല്ലൂരില്‍ നിന്നും കാശ്മീരിലേക്കും അവിടെ നിന്നും ഭാരതത്തിലെ 10 സംസ്ഥാനങ്ങളിലൂടെ പരിക്രമണം നടത്തി കന്യാകുമാരി വരെയുള്ള പുണ്യതീര്‍ത്ഥങ്ങളിലൂടെയാണ് രഥയാത്ര നടക്കുന്നത്. ഇന്നു രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും 9:00നാണ് ശ്രീരാമനവമി രഥപരിക്രമണം ആരംഭിച്ചത്. ഇന്നു രാവിലെ 6:30ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി. ശ്രീരാമദാസമിഷന്‍ ഉപാധ്യക്ഷന്‍ സ്വാമി ശങ്കര്‍ സരസ്വതിയാണ് രഥയാത്ര നയിക്കുന്നത്.
ഇന്ന് ശ്രീരാമരഥം കാശ്മീരിലേക്ക് പുറപ്പെട്ടു. മഹാരാഷ്ട്ര ബ്രഹ്മപുരി നിത്യാനന്ദാശ്രമത്തിലെ സ്വാമി വിശ്വേശ്വരാനന്ദ, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി, കേദാര്‍നാഥിലെ സ്വാമി ധര്‍മ്മാനന്ദ, ബ്രഹ്മചാരി പ്രവിത്ത്, ബ്രഹ്മചാരി അരുണ്‍, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, വി.ആര്‍.രാജശേഖരന്‍ നായര്‍, ഇരുപതോളം രാമസേവകര്‍, നിരവധി ആശ്രമബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹപ്രഭാഷണം നടത്തി.
ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹങ്ങളും കൊല്ലൂര്‍ ശ്രീമൂകാംബികാദേവിയുടെ തിരുനടയില്‍ നിന്നും പകര്‍ന്ന ജ്യോതിയും ശ്രീരാമപാദുകങ്ങളും പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും നിത്യപൂജയ്ക്കും ദര്‍ശനത്തിനുമായി ശ്രീരാമരഥത്തില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 3ന് ശ്രീരാമരഥം കേരളത്തിലെ പര്യടനം ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തമിഴ്‌നാട്ടിലെ കന്യാകുമാരി ദര്‍ശനത്തിനും സാഗരപൂജയ്ക്കും ശേഷം മാര്‍ച്ച് 27ന് ശ്രീരാമനവമി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരുന്നതോടെ രഥയാത്ര സമാപിക്കും.













