തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. കോര്‍പറേഷനില്‍ അധികാരത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്‌റെ ഭാഗമായിട്ടാണ് എത്തുന്ന മോദി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്‌റെ വികസന രേഖയും പ്രഖ്യാപിക്കും.
രാവിലെ വിമാനത്താവളത്തില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വന്‍ റോഡ് ഷോ ആക്കി മാറ്റാനാണ് പാര്‍ട്ടി തീരുമാനം. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബിന്‌റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും.
കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോര്‍പറേഷന്‌റെ വികസന ബ്ലൂ പ്രിന്‌റ് പ്രകാശനത്തിനായി സമീപത്തെ പാര്‍ട്ടി വേദിയില്‍ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.













