വണ്ടൂര്‍: സ്‌നേഹം, ഐക്യം, ശക്തി, ശാന്തി എന്നീ ചതുര്‍വിധ ഉപാധികളിലൂടെ കൂടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണമെന്ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. മലപ്പുറത്ത് നടന്ന ഹിന്ദു കുടുംബ സമീക്ഷയില്‍ മാര്‍ഗദര്‍ശനം നടത്തുകയായിരുന്നു സ്വാമിജി. നമ്മള്‍ ഇഷ്ടമില്ലാത്ത ദുഖം കൊണ്ടു നടക്കുന്നു. ദുഃഖം അകറ്റാനുള്ള വിദ്യ ഭാരതീയ അധ്യാത്മ ശാസ്ത്രത്തില്‍ തന്നെയുണ്ട്. ആചാര്യന്‍മാരില്‍ നിന്നും മനസ്സിലാക്കിയാല്‍ നമുക്ക് ദുഃഖം അകറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനവനന്തപുരം വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ വണ്ടൂര്‍, പരപപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഹിന്ദു കുടുംബ സമിക്ഷ നടന്നു.
വണ്ടൂരില്‍ അമ്പലപ്പടിയില്‍ നടന്ന ഹിന്ദുകുടുംബ സമീക്ഷയില്‍ ടി പി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എസ്.കിഷോര്‍ കുമാര്‍, മലപ്പുറം മേഖല കണ്‍വീനര്‍ ബാബു മങ്കട, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷണന്‍ മംഗലശ്ശേരി, ഹിന്ദു ഏക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്. പ്രസാദ് ചുങ്കത്തറ, അഖില കേരള വിശ്വകര്‍മ്മ സമാജം സംസ്ഥാന ട്രഷറര്‍ കെ.എം.രഘു തുടങ്ങിയവര്‍ സംസാരിച്ചു. സന്യാസി ശ്രേഷ്ഠന്മാരെ അമ്പലപ്പടിയില്‍ വച്ച് പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.
പരപ്പനങ്ങാടിയില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മോഹനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുനില്‍ തൃക്കുളം സംസാരിച്ചു.













