തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2026-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ പൂജനീയ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(ജനുവരി 29ന് രാവിലെ 8.40ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു. പഴവങ്ങാടിയില്‍ നിന്നുമുള്ള രഥയാത്രയ്ക്ക് തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷമായ ഇക്കുറി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിലെ പത്തുസംസ്ഥാനങ്ങളിലൂടെ നടക്കുന്ന ശ്രീരാമനവമി രഥയാത്ര ശ്രീരാമദാസമിഷന്‍ ഉപാധ്യക്ഷന്‍ സ്വാമി ശങ്കര്‍ സരസ്വതിയാണ് നയിക്കുന്നത്.
പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ ജി.സജിത്തിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരതി ഉഴിഞ്ഞാണ് ശ്രീരാമരഥത്തെ യാത്രയാക്കിയത്. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനില്‍കുമാര്‍ പരമേശ്വരന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ജോ.സെക്രട്ടറി ലാല്‍ജിത്.ടി.കെ, എസ്.ആര്‍.ഡി.എം.യൂ.എസ് മാനേജിംഗ് കമ്മിറ്റി അംഗം അജിത് കുമാര്‍.പി, ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ ജഗതി രാജന്‍ തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ജനുവരി 31ന് കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപപ്രതിഷ്ഠ നടത്തി രഥയാത്ര ആരംഭിക്കും. കാശ്മീര്‍ മുതല്‍ നടക്കുന്ന രഥയാത്ര മാര്‍ച്ച് 3ന് മംഗലാപുരം വഴി കേരളത്തില്‍ പ്രവേശിച്ച് വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം പൂര്‍ത്തിയാക്കി ശ്രീരാമനവമി ദിനമായ മാര്‍ച്ച് 27ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര പര്യവസാനിക്കും.













