ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
സ്വാമിജി ദര്‍ശനോപത സംസ്‌കൃതന്‍.
ദുര്‍ബുദ്ധികള്‍ ഈ ലോകത്തുണ്ട്.
അവര്‍ അനേകം ദുര്‍വാസനകള്‍കൊണ്ടു നടക്കുന്നു.
അവരെ നേര്‍വഴിക്ക് കൊണ്ടുവരുക എന്നത്
താമരനൂലുകൊണ്ട് മദയാനയെ തളയ്ക്കുന്നതുപോലെയാണ്
പൂവിതള്‍കൊണ്ട് വജ്രമണിയെ ഛേദിക്കുന്നതുപോലെയാണ്.
ലവളസമുദ്രത്തെ ഒരു തുള്ളി തേന്‍കൊണ്ട്
മാധുര്യമുള്ളതാക്കുന്നതുപോലെയാണ്.
അതായത് അസാധ്യം.
ഈ അസാധ്യത്തെ സാധ്യമാക്കി എത്രയെത്ര
ദുര്‍ബുദ്ധികളേയും ദുശ്ശീലക്കാരെയുമാണ്
ഉപദേശാമൃതകണം കൊണ്ട്
സ്വാമിജി നേര്‍വഴിക്ക് കൊണ്ടു വന്നിട്ടുള്ളത്.
സ്വാമിജിയുടെ വാക്കുകള്‍ ശാസ്‌ത്രോപസ്‌കൃതങ്ങള്‍.
അനുയായികള്‍ക്ക് പകര്‍ത്താന്‍ യോഗ്യങ്ങള്‍.
അവ അക്ഷയ വാഗ്ഭൂഷണങ്ങള്‍.
സ്വാമിജിക്ക് സ്വജനങ്ങളില്‍ ദാക്ഷിണ്യം.
അന്യജനങ്ങളില്‍ ദാക്ഷിണ്യം.
അന്യജനങ്ങളില്‍ കരുണ.
സ്വാമിജി നീതിനിപുണരില്‍ പ്രഥമന്‍.
ദുഷ്ടരില്‍ ശാഠ്യമുള്ളവന്‍.
വിദ്വാന്‍മാരെ വണങ്ങുന്നവന്‍.
മന്ത്ര മന്ത്രണ കുശലന്‍.
ആരാധന പൂജാപ്രവീണന്‍.
ശത്രുക്കളില്‍ പരാക്രമി.
ഗുരുജനങ്ങളുടെ മുന്നില്‍ പ്രശാന്തന്‍.
സജ്ജനസഹവാസ തല്‍പ്പരന്‍.
അനുപമ വിദ്യാവ്യസനി
ആപത്തില്‍ ധൈര്യവാന്‍.
സഭയില്‍ വാക് പടു
വേദ വേദാന്താഭ്യസന തല്‍പരന്‍.
അഹിംസകന്‍.
ദാനപ്രവീണന്‍.
ദീന ദയാലു.
ശിഷ്ട ദക്ഷിണാമാത്ര തല്പരന്‍.
വിനയം കൊണ്ടു ഉയര്‍ന്നവന്‍.
സമസ്തരാലും സമാരാധ്യന്‍.
ഭക്തജന കഷ്ട നഷ്ട വിനാശകന്‍.
നേര്‍വഴി നിര്‍ദ്ദേശകന്‍.
സല്‍ക്കര്‍മ്മാനുഷ്ഠാന പ്രേരകന്‍.
ആപ്തബാന്ധവന്‍.
മനസ്സും ശരീരവും വാക്കും
സത്കര്‍മ്മാമൃതം കൊണ്ടു നിറഞ്ഞവന്‍.
പരഗുണ പരമാണുക്കളെ
പര്‍വ്വതാകാരമായി കണ്ടവന്‍.
വിഘ്‌നോപരി വിഘ്‌നത്തിലും
നിശ്ചിതകാര്യത്തില്‍നിന്നും പിന്‍തിരിയാത്തവന്‍.
ധീരവീര പരാക്രമി.
ജ്ഞാനപ്രകാശവാന്‍.
യോഗാഭ്യാസപ്രവീണന്‍.
നിര്‍ഭയ യോഗീന്ദ്രന്‍
ആശാപാശഹീനന്‍.
സുകൃതധാമം.
ദുഷ്‌ക്കരങ്ങളെ സുകരങ്ങളാക്കിയവന്‍.
ബ്രഹ്മ ജ്ഞാന വിവേക നിര്‍മ്മലബുദ്ധിമാന്‍.
ഏകഭുക്ക്.
വിദ്വാന്‍മാരാല്‍ പ്രശംസിതന്‍.
അല്‍പ്പവസ്ത്രാവൃതന്‍.
കവികുല ചൂഢാമണി.
സാഹിത്യനിപുണന്‍.
വ്യാഖ്യാകുശലന്‍
കലാപ്രിയന്‍.
വിമര്‍ശക ശിരോമണി
ആദ്ധ്യാത്മിക കുബേരന്‍.
ധര്‍മ്മരക്ഷകന്‍
മോക്ഷമാര്‍ഗ്ഗി
വാക്പതി
കീര്‍ത്തിമാന്‍
ആത്മാനന്ദ പ്രവീണന്‍
ആത്മാരാമന്‍
വേദസ്മൃതിദര്‍ശനപുരാണ
പാരായണ തല്പ്പരന്‍
യജ്ഞ നിര്‍വ്വാഹകന്‍.
ഇതെല്ലാം സംസാരലീലാതാണ്ഡവപണ്ഡിതന്റെ പ്രക്രിയകള്‍ മാത്രം.
സ്വാമിജി ജീവന്‍മുക്തനായിരുന്നു.
പരിവര്‍ത്തിനി സംസാരേ
മൃതഃ കോ വാ ന ജായതേ
സ ജാതോ യേന ജാതനേ
യാതി വംശഃ സമുന്നന്നതിം
ജനനമരണാദികള്‍ അനവരതം നടന്നുകൊണ്ടിരിക്കുന്ന ഈ ജഗത്തില്‍ മരിച്ചവന്‍ ജനിക്കും. ജനിച്ചവര്‍ മരിക്കും. അത് സ്വാഭാവികം മാത്രം. എന്നാല്‍ ചിലര്‍ ജനിച്ചത് ശരിയായി ജനിച്ചതു തന്നെ. ആരുടെ ജനനം കൊണ്ടാണോ ആ വംശം സമുന്നതിയെ പ്രാപിക്കുന്നത് ആ ആള്‍ ആണ് ശരിയായി ജനിച്ചവന്‍. ആധ്യാത്മികകുലം സ്വാമിജിയുടെ അവതാരത്തോടെ ഇവിടെ സമുന്നതി പ്രാപിച്ചിരിക്കുന്നു. ആ നിലയില്‍ സ്വാമിജിയുടെ അവതാരം ശരിയായ അവതാരം തന്നെ.
സ്വാമിജി സമാധിയാകുന്നതിന് ഒന്നരമാസം മുന്‍പ് അദ്ദേഹം ഒരു പരിശോധനയ്ക്ക് ആശുപത്രിയില്‍ പോയിരുന്നു. സഹകാരികളുടെ നിര്‍ബന്ധം കൊണ്ടാണ് പോയത്. അന്നേ ദിവസം ഒരഞ്ചുമണിയോടുകൂടി ലേഖകന്‍ ആശ്രമത്തി എത്തി. സ്വാമിജിയെ കാണാന്‍ സാധിച്ചാലും ഇല്ലെങ്കിലും ആശ്രമത്തില്‍ പോകാറുണ്ട്. സ്വാമിജി അഞ്ചേമുക്കാലായപ്പോള്‍ തിരിച്ചെത്തി. ലേഖകന്‍ ആശ്രമ കവാടത്തില്‍ നിന്ന് സ്വാമിജിയെ തൊട്ടു തൊഴുതു. സ്വാമിജിയുടെ ഭൗതിക ശരീരത്തിലെ അവസാനത്തെ ലേഖകന്റെ സ്പര്‍ശനം.
സ്വാമിജി ഗുരുപാദരുടെ സമാധിയുടെ മുന്നില്‍ നിന്ന് 5 മിനിട്ട് പ്രാര്‍ത്ഥിച്ചു. സ്വാമിജി അകത്തുപോയി വിശ്രമിക്കട്ടെ എന്ന് കരുതി ലേഖകന്‍ ഒതുങ്ങി നിന്നു. പ്രാര്‍ത്ഥന കഴിഞ്ഞ സ്വാമിജി തിരിഞ്ഞ് നോക്കി കൈകാട്ടി വിളിച്ചു. ലേഖകനും പിന്നാലെ പോയി. എന്തോ സ്വാമിജിക്ക് ലേഖകനോട് പറയാനുണ്ടെന്നു തോന്നി. മുറിയില്‍ പ്രവേശിച്ച എന്നെ ഇരിക്കാന്‍ പറഞ്ഞു. ഈയുള്ളവന്‍ വെളിയിലേക്കുള്ള വാതില്‍ അടച്ച് ഇരുന്നു. പെട്ടെന്ന് സ്വാമിജി അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കി. എന്നിട്ട് ചെറിയൊരു രഹസ്യം പറഞ്ഞു. ശരീരത്തിന്റെ കെട്ട് വിട്ടുകഴിഞ്ഞു. എനിക്ക് മതിയായി. എനിക്കു മതിയായി എന്ന് സ്വാമിജി പറയാറുള്ളതാണ്. ഇപ്പോള്‍ ശരീരക്ഷീണവുമുണ്ടെന്ന് പറഞ്ഞതായിരിക്കാം എന്ന് ലേഖകന്‍ കരുതി. എന്നാല്‍ പ്രാപഞ്ചികബന്ധത്തിന്റെ കെട്ടുവിട്ടതായിട്ടാണ് സ്വാമിജി അറിയിച്ചതെന്ന് ആ അവസരത്തില്‍ ഈയുള്ളവന് മനസ്സിലായില്ല.
പഴുത്ത ഇലയെ വൃക്ഷം ചുമക്കുന്നതുപോലെ സ്വാമിജി ശരീരം ചുമക്കുന്നു എന്നേയുള്ളൂ. ഏതവസരവും അത് കൊഴിയാം. കൊഴിഞ്ഞാലും കൊഴിഞ്ഞില്ലെങ്കിലും വൃക്ഷത്തിനൊന്നുമില്ല അത് കുന്നില്‍ പതിക്കട്ടെ കുണ്ടില്‍പതിക്കട്ടെ വൃക്ഷത്തിനെന്ത്? ഒന്നുമില്ല. സ്വാമിജിയുടേയും സ്ഥിതി അതായിരുന്നു. ശരീരത്തിന്റെ കെട്ടറ്റുകഴിഞ്ഞു ഏതവസരവും അതു വീഴട്ടെ. എനിക്ക് ഒന്നുമില്ല എന്ന ജീവന്മുക്തനായ സിദ്ധന്റെ ഭാവത്തിലായിരുന്നു സ്വാമിജിയുടെ ഭൗതികമായ അന്ത്യനാളുകള്‍. ഈയുള്ളവനുണ്ടോ അത് മനസ്സിലാകുന്നു.
സമാധിയാകുന്നതിനും മൂന്നു ദിവസം മുന്‍പ് സ്വാമിജി ചികിത്സകരായ ഡോക്ടര്‍മാരോടു ചോദിച്ചു നിങ്ങള്‍ എന്തിനാണ് എന്നെ ഇവിടെ കിടത്തിയിരിക്കുന്നത്. കെട്ടറ്റു കഴിഞ്ഞു എന്ന് നേരിട്ടു സ്വാമിജി പറഞ്ഞപ്പോള്‍ അല്പം വേദാന്തം മനസ്സിലാകുന്ന ഈയുള്ളവന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പിന്നയാണോ ഡോക്ടര്‍മാര്‍ക്ക് അത് മനസ്സിലാകാന്‍. അവര്‍ ഭൗതികപ്രജ്ഞയെ മരവിപ്പിച്ച് മരുന്നുകള്‍ കുത്തിവച്ച് സ്വാമിജി ഉപേക്ഷിച്ച ശരീരത്തെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. സ്വാമിജി ആ ശരീരത്തെ ഉപേക്ഷിച്ചത് ആത്യന്തികമായിട്ടായിരുന്നു എന്ന ബോധം വൈകിയാണ് നമ്മളില്‍ എത്തിയത് എന്ന് മാത്രം.
സ്വാമിജിയുടെ സമാധിക്ക് ഏതാനും ദിവസം മുമ്പ് സ്വാമിജി പൊടുന്നനെ ഒരു ശ്ലോകം ചൊല്ലി. അത് ഒരു ശിഷ്യന്‍ കുറിച്ചെടുത്തു.
എങ്ങോനിന്നിവിടെയെത്തിയടിയന്‍
അവിടെയ്ക്കര്‍പ്പിച്ചീടുവാന്‍ മന്മനം
തിങ്ങീടും ഭാരവുമേന്തി ചുമലില്‍
ഇനിമേല്‍ വേണ്ടാ നടന്നേറീടുവാന്‍ – എന്നാണ് ആ ശ്ലോകം
സ്വാമിജിയുടെ അന്തഃകരണം ഈ ശ്ലോകത്തില്‍ പ്രതിബിംബിക്കുന്നുണ്ട്. ഈ ശരീര ഭാരം ഇനി വേണ്ട. അതു ഞാന്‍ ഇറക്കിവയ്ക്കുന്നു. എനിക്ക് ബ്രഹ്മപദത്തിലേക്ക് നടന്നേറീടണം അതിനു ശരീരം ബാധതന്നെ. സായൂജ്യമടയാന്‍ ഒരുങ്ങുന്ന ഒരു യോഗിയുടെ മുന്‍ നിശ്ചയപ്രകാരമുള്ള നടപടിയാണിത്. ശരീരം താത്ത്വികമായി ഉപേക്ഷിച്ചുകഴിഞ്ഞ് ജീവന്മുക്തനായി സ്വാമിജി നമ്മോടൊപ്പം കുറച്ചുകാലം ഉണ്ടായിരുന്നു. വൃക്ഷംപോലും അറിയാതെ കെട്ടറ്റപഴുത്ത ഇലപൊഴിയുംപോലെ കെട്ടറ്റ ആ ശരീരവും പൊഴിഞ്ഞതാണ് സമാധിയായി നാം അറിഞ്ഞത്. ആ ബ്രഹ്മവിലീനന്റെ പാദാരവിന്ദങ്ങളില്‍ ഭക്തന്മാരുടെ അനന്തകോടി പ്രണാമങ്ങള്‍.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post