ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജ്ജി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. 1993ലെ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ മരണപ്പെട്ട കേസിലെ പ്രതിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ പാല്‍സിംഗ് ഭുള്ളര്‍ നല്കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.
വധശിക്ഷയുമായി ബന്ധപ്പെട്ട എതിരഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് കൂടുന്നത് സംബന്ധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രത്യേക ടാഡ കോടതിയാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഭൂരിപക്ഷാഭിപ്രായം മാനിച്ച് സുപ്രീംകോടതി വധശിക്ഷ ശരി വെച്ചു. 2003ല്‍ ബുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും 2011ല്‍ ഹര്‍ജി തള്ളിയതായി തീരുമാനം വന്നു.
ദീര്‍ഘകാലമായി ജയിലില്‍ ശിക്ഷയും കാത്ത് കഴിയുന്നുവെന്നും ഇത് ക്രൂരമായ മൗലികാവകാശലംഘനമാണെന്നും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതിയില്‍ ഭുള്ളര്‍ ഹര്‍ജി നല്‍കിയത്. രാജീവ് ഗാന്ധി വധക്കേസില്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന എ ജി പേരര്‍വാളന്‍, ശാന്തന്‍,മുരുകന്‍ എന്നിവരുള്‍പ്പെടെ വധശിക്ഷ കാത്ത് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ ഈ വിധി ബാധിക്കും. 17 പേരെയാണ് നിലവില്‍ വിധി സ്വാധീനിക്കുക.
നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്‌ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post