തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അഞ്ച് കോടി രൂപ ചെലവില്‍ പുതിയ ഹോസ്റ്റല്‍ മന്ദിരം നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. സ്റ്റാഫ് നഴ്‌സ് ഹോസ്റ്റലിന്റെ അറ്റുകുറ്റപ്പണികള്‍ക്കായി അനുവദിച്ച 15 ലക്ഷം രൂപയ്ക്ക് പുറമേ 30 ലക്ഷം രൂപകൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
70 ലക്ഷം രൂപ ചെലവില്‍ ക്ലാസ്മുറികള്‍ക്കായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റഡന്റ്‌സ് ഹോസ്റ്റല്‍ മന്ദിരത്തിനുവേണ്ടി 2.13 കോടി രൂപ കഴിഞ്ഞവര്‍ഷം അനുവദിച്ചിട്ടുണ്ട്. ഒന്നാം നിലയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. രണ്ടും മൂന്നും നിലകളുടെ നിര്‍മ്മാണത്തിനുള്ള തുകകൂടി അനുവദിക്കും. ഒന്നാം നിലയുടെ നിര്‍മ്മാണം ആറുമാസത്തിനകവും മറ്റ് നിലകളുടേത് ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കും. 210 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പുതിയ മന്ദിരത്തില്‍ ഒരുക്കുക. വിവിധ കോഴ്‌സുകളിലായി 576 വിദ്യാര്‍ത്ഥികളാണ് നഴ്‌സിങ് കോളേജിലുള്ളത്. ഇതിലെ 410 പേരും നിലവിലുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവിടത്തെ സ്ഥലപരിമിതി പരിഗണിച്ചാണ്. പുതിയ ഹോസ്റ്റല്‍ മന്ദിരം നിര്‍മ്മിക്കുന്നത്. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണച്ചുമതല.
എം.എ. വാഹിദ് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.കെ.ആര്‍. വിനയകുമാര്‍, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വല്‍സ കെ. പണിക്കര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ജോളി ജോസ്, നഴ്‌സിങ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. വൈ. പ്രസന്നകുമാരി, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ലത, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.













Discussion about this post