കോഴിക്കോട്: ചെലവേറെയുള്ള വൃക്കരോഗ ചികില്‍സ പാവപ്പെട്ടവനും പ്രാപ്യമാക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ചരിത്രത്തിലിടം നേടുന്നു. എട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ കേന്ദ്രമെന്ന ഖ്യാതി നേടി.
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ വൃക്ക 16 വയസ്സുകാരന് മാറ്റിവെച്ചാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രി വാര്‍ത്തകളിലിടം നേടിയത്. സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികള്‍ക്കകത്തുനിന്ന് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് വൃക്കദാനവുമായി ബന്ധപ്പെട്ട സാങ്കേതികത്വം ഏറെയുള്ളതിനാല്‍ സ്വകാര്യ മേഖലയിലും വൃക്കമാറ്റിവെക്കല്‍ അത്ര വിപുലമായി നടക്കുന്നില്ല.
1986ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ ചരിത്രത്തില്‍തന്നെ ഇതാദ്യമായിരുന്നു. ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം. ’96ല്‍ അദ്ദേഹം മെഡിക്കല്‍ കോളജ് വിട്ടശേഷം രണ്ടുവര്‍ഷം ഇടവേളയായിരുന്നു. ’98 മുതല്‍ ശസ്ത്രക്രിയ പുനരാരംഭിച്ചു. മാസത്തില്‍ ഒരു ശസ്ത്രക്രിയ വീതമാണ് 2002 വരെ നടന്നത്. ഡോ. പിഷാരടിയുടെ നേതൃത്വത്തിലാണ് അന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിച്ചത്.
2002 മുതല്‍ ആഴ്ചയില്‍ ഒന്നുവീതം ശസ്ത്രക്രിയകള്‍ മുടങ്ങാതെ നടക്കുന്നതായി ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. ശ്രീലത ‘മാധ്യമ’ത്തോട് പറഞ്ഞു.
കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അപൂര്‍വമായേ ഈ ശസ്ത്രക്രിയ നടക്കുന്നുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികളാണ് വൃക്കരോഗ ചികില്‍സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലുള്ള ഒ.പി.യില്‍ അഞ്ഞൂറോളം രോഗികള്‍ എത്തുന്നു. പ്രതിവര്‍ഷം 24,000 രോഗികള്‍ക്കാണ് ഇവിടെ ചികില്‍സ നല്‍കുന്നത്. ‘നെഫ്രോളജി’ വിഭാഗം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയതോടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, രോഗികളുടെ ആധിക്യം വീര്‍പ്പുമുട്ടലുണ്ടാക്കുന്നു. 22 വീതം കട്ടിലുകളുള്ള രണ്ട് വാര്‍ഡുകളാണുള്ളത്. കട്ടിലുകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലേറെ രോഗികള്‍ എപ്പോഴുമുണ്ടാവും. അവശരായ രോഗികള്‍പോലും വരാന്തകളില്‍ കിടക്കുന്ന കാഴ്ച ഇവിടെയുമുണ്ട്. ഉയര്‍ന്ന ശുചിത്വത്തിലും അണുവിമുക്തമായ അന്തരീക്ഷത്തിലും കഴിയേണ്ട രോഗികളാണിവര്‍.
ആയിരത്തോളം പേര്‍ക്കാണ് ഇവിടെ വൃക്കമാറ്റിവെച്ചത്. 95 ശതമാനം രോഗികളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി അധികൃതര്‍ പറയുന്നു. ഓരോ ശസ്ത്രക്രിയക്കും പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് രോഗിക്ക് ചെലവാകുന്നത്. പുറത്ത് അഞ്ച് ലക്ഷം രൂപ വരെയാണ് ചെലവ്. ശസ്ത്രക്രിയ നടത്തുന്നതുവരെ രോഗിക്ക് സൗജന്യമായി ഡയാലിസിസ് നല്‍കാന്‍ മികച്ച സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഒരേസമയം 12 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാം. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് എം.പി. ഫണ്ടില്‍നിന്ന് 50,000 രൂപയും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് 15,000 രൂപയും ലഭിക്കുന്നു. ഇതിന് ആവശ്യമായ എല്ലാ കടലാസ് പണികളും നെഫ്രോളജി വിഭാഗം തന്നെയാണ് നടത്തുന്നത്.
Discussion about this post