തിരുവനന്തപുരം: ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സംഘടനകള്‍ മുതലായവയുടെ സജീവ പങ്കാളിത്തത്തോടെ മഴക്കാലരോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വരള്‍ച്ചയുടെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണവും കൊതുകുനശീകരണവും ശക്തമാക്കണം. വാര്‍ഡുതല ആരോഗ്യശുചിത്വ സമിതികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കണം. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. പകര്‍ച്ചവ്യാധി ബോധവത്ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് ആദ്യവാരത്തില്‍ സംസ്ഥാനവ്യാപകമായി ആരോഗ്യസന്ദേശ യാത്രകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അവലോകനയോഗങ്ങള്‍ ഫെബ്രുവരി 25 വരെയും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ത്രിതല പഞ്ചായത്ത് യോഗങ്ങള്‍ മാര്‍ച്ച് 5 വരെയും എംഎല്‍എ മാരുടെ നേതൃത്വത്തിലുള്ള മണ്ഡലതല യോഗങ്ങള്‍ അതിനുശേഷവും സംഘടിപ്പിക്കും. മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്കുറിയും സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിക്കും. എന്‍എച്ച്എം വഴി 10,000 രൂപയും ശുചിത്വമിഷന്‍ വഴി 10,000 രൂപയും തദ്ദേശസ്വയംഭരണ വകുപ്പുവഴി 5,000 രൂപയുമാണ് നല്‍കുക. ഇതില്‍ 5,000 രൂപ തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുവാനുള്ള അനുമതി നല്‍കും. നഗരസഭ, മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ക്ക് ശുചിത്വമിഷന്‍ ഇപ്രാവശ്യം 20,000 രൂപവീതം അനുവദിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് 4.3 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഈ വര്‍ഷം എന്‍എച്ച്എം 19 കോടി രൂപയും ശുചിത്വമിഷന്‍ 13.9 കോടി രൂപയും വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറക്കാനും സാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂന്നിലൊന്നായി കുറഞ്ഞു. മഞ്ഞപ്പിത്തം-എ, കോളറ എന്നിവ പകുതിയില്‍ത്താഴെയായി. പനിമരണങ്ങളും കുറഞ്ഞു. എലിപ്പനിയുടെയും മലമ്പനിയുടെയും വ്യാപനം ഇനിയും കുറയ്‌ക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തിലും കൊതുകുനശീകരണത്തിലും എല്ലാവരും ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ പകര്‍ച്ചവ്യാധികളെ കൂടുതല്‍ ഫലപ്രദമായി നേരിടാനാവുകയുള്ളുവെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എന്‍എച്ച്എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, സെക്രട്ടറി സുന്ദരപാണ്ഡ്യന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ്. പ്രദീപ് കുമാര്‍, ഡി.എം.ഇ: ഡോ. വി. ഗീത, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ. ജമുന എന്നിവരുള്‍പ്പെടെ വിവിധ വകുപ്പുതല മേധാവികള്‍പങ്കെടുത്തു.
Discussion about this post