പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കായി അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായം എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലൂടെ 1,48,879 പേര്‍ക്ക് ആശ്വാസം പകരാനും 14 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു.
നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സ്വാമി അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലായി 22 വൈദ്യ സഹായ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളുടെ പ്രയോജനം മനസിലാക്കിയ ആന്ധ്രാപ്രദേശ്, തമിഴ്നാട് സര്‍ക്കാരുകള്‍ തിരുപ്പതിയിലും, പഴനിയിലും സമാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിയാരംഭിച്ചു. ഇതിനു മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ജിപ്മര്‍ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്) പ്രതിനിധികള്‍ ശബരിമല സന്ദര്‍ശിച്ച് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി. ഒരാള്‍ കുഴഞ്ഞുവീണാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ വൈദ്യസഹായമെത്തിച്ചാല്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാമെന്ന സമീപനമാണ് ശബരിമലയില്‍ വിജയകരമായത്. തീര്‍ത്ഥാടന പാതകളെ പ്രത്യേകം പോയിന്‍റുകളായി അടയാളപ്പെടുത്തി ഓരോ പോയിന്‍റിനും രണ്ടംഗസംഘത്തെയാണ് നിയോഗിച്ചത്. തീര്‍ഥാടകര്‍ കുഴഞ്ഞുവീണാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉടനെ സമീപത്തെത്തും. ഒരാള്‍ പ്രാഥമിക വൈദ്യസഹായം നല്‍കുകയും മറ്റൊരാള്‍ ഹോട്ട്ലൈന്‍ അലര്‍ട്ടിലൂടെ പമ്പ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയും ചെയ്തശേഷം ഉടനടി തൊട്ടടുത്ത വൈദ്യസഹായ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.
പള്‍സ് ഓപ്പറേറ്റിംഗ് മെഷിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പമ്പയില്‍ ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കിയിരുന്നു. ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍), സന്നദ്ധസംഘടനായ ഏയ്ഞ്ചല്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പടെ 650 പേരാണ് വൈദ്യ സഹായ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചത്. ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍, അസി. കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗ്രേസി ഇത്താക്ക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
Discussion about this post