തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിലെ ആറ് നഗരങ്ങളില്‍ 2000 സിസിക്ക് മുകളിലുള്ളതും 10 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ തേടി സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
2000 സിസിയും അതിന് മുകളിലുളളതുമായ പൊതു/സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴികെയുളള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യരുതെന്നും വിധിയിലുണ്ട്. വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും നിലവിലുളള മലിനീകരണ തോതും പ്രായോഗികമായി പഠിക്കുന്നതിന് സമിതികളെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹി കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജൈവ ഇന്ധനങ്ങള്‍, ബാറ്ററികള്‍ തുടങ്ങിയവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുക, ഡീസല്‍വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുക തുടങ്ങിയ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡീസല്‍ വാഹന നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ.യില്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് നടത്തുന്ന ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് അനുയോജ്യമായ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. ഹരിതട്രൈബ്യൂണലിന്റെ വിധിയെ തുടര്‍ന്ന് കേരളത്തിലെ പൊതുസമൂഹം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
ഹരിത ട്രൈബ്യൂണലിന്റെ വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതി തീരുമാനം അനുസരിച്ച് സംസ്ഥാനസര്‍ക്കാറിന് ദോഷകരമല്ലാത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും കേന്ദ്രഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണം എങ്ങനെയൊക്കെ പ്രായോഗികമാക്കാമെന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ എറണാകുളത്ത് മാത്രമെ സിഎന്‍ജി പൈപ്പ് ലൈന്‍ ഉള്ളു. സിഎന്‍ജി വിതരണം ആറ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സിഎന്‍ജി ഉപയോഗിക്കുന്നതിന് വാഹനഉടമകള്‍ക്കും യന്ത്ര’ാഗങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതായും വരും. ട്രൈബ്യൂണലിന്റെ വിധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രമന്ത്രി നല്‍കിയ നിവേദനത്തില്‍ വിശദീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് 2007 മുതല്‍ വാഹന ഉടമകളില്‍ നിന്നും 15 വര്‍ഷത്തെ നികുതി ഈടാക്കുന്നുണ്ട്. ഇത് 10 വര്‍ഷമായി കുറയ്ക്കുമ്പോള്‍ ശേഷിക്കുന്ന അഞ്ച് വര്‍ഷത്തെ നികുതി സര്‍ക്കാര്‍ വാഹന ഉടമക്ക് തിരിച്ച് നല്‍കേണ്ടതായി വരും. നിലവിലെ കണക്കനുസരിച്ച് ഇത് 300 കോടി രൂപയോളം വരും. നാലായിരത്തോളം കെഎസ്ആര്‍ടിസി ബസ്സുകളും പിന്‍വലിക്കപ്പെടും. ഇതിന് പുറമെ ഒരു ലക്ഷത്തിലധികം മറ്റ് സ്വകാര്യ/പൊതു വാഹനങ്ങളെയും ഈ വിധി ബാധിക്കും. മാത്രമല്ല ഡീസല്‍ വാഹനങ്ങള്‍ എത്രവര്‍ഷം ഉപയോഗിക്കാനാവുമെന്നതിനെ കുറിച്ച് ശരിയായ പഠനവും നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രമന്ത്രിയെ അറിയിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി എന്നിവര്‍ക്കും ഗതാഗതമന്ത്രി നിവേദനം നല്‍കിയിട്ടുണ്ട്.
Discussion about this post