അഹമ്മദാബാദ്: സബര്‍മതി എക്സ്പ്രസ് തീയിട്ട് 58 രാമഭക്തരെ ചുട്ടുകൊന്ന കേസില്‍ പ്രധാന പ്രതികളായ റസാഖ് കുര്‍ക്കര്‍, ഹാജിബില്ല എന്നിവരടക്കം 31 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. മൗലവി ഒമര്‍ജിയടക്കം 63 പേരെ വിട്ടയച്ചു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ 25 ന് പ്രഖ്യാപിക്കും. കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി സ്ഥിരീകരിച്ചു.
ഗുജറാത്തിലെ ഗോധ്രക്കടുത്ത് സിംഗള്‍ഫാലിയ കോളനിയില്‍നിന്നുള്ള മുസ്ലീം മതമൗലികവാദി സംഘം 2002 ഫെബ്രുവരി 27 ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍പോയി മടങ്ങുകയായിരുന്ന രാമഭക്തര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസിലെ ആറാം നമ്പര്‍ ബോഗി തെരഞ്ഞുപിടിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കേസ്. ഈ കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്തില്‍ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ശാസ്ത്രീയമായ തെളിവുകള്‍, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍, രേഖാമൂലമുള്ള തെളിവുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ് കോടതി കുറ്റക്കാരെ കണ്ടെത്തിയത്. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ത്തന്നെ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ ജസ്റ്റിസ് ആര്‍.ആര്‍.പാട്ടീല്‍ 25 ന് വിധി പറയും.
ഒമ്പതുവര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ 2009 ജൂണ്‍ 9 ന് ആരംഭിച്ച വിചാരണ കഴിഞ്ഞവര്‍ഷംതന്നെ അവസാനിച്ചിരുന്നു. ഗോധ്രാ കൂട്ടക്കൊലക്കേസില്‍ 94 പേരെയാണ് വിചാരണയ്ക്ക് വിധേയരാക്കിയത്. ആകെ 134 പ്രതികളാണുണ്ടായിരുന്നത്. 14 പേര്‍ തെളിവുകളുടെ അഭാവം മൂലം നേരത്തെ വിട്ടയയ്ക്കപ്പെട്ടിരുന്നു. അഞ്ചുപേര്‍ ഈ കാലയളവിനുള്ളില്‍ മരണമടഞ്ഞു. അഞ്ചുപേര്‍ ദുര്‍ഗുണപരിഹാരപാഠശാലയിലയയ്ക്കപ്പെട്ടു. 16 പേര്‍ ഇപ്പോഴും ഒളിവിലാണ്. വിചാരണ നേരിട്ട 94 പേരില്‍ 80 പേര്‍ ജയിലിനുള്ളിലും 14 പേര്‍ ജാമ്യം നേടി പുറത്തുമായിരുന്നു.
അക്രമിസംഘം രാമഭക്തര്‍ സഞ്ചരിച്ചിരുന്ന ‘എന്‍ 6’ ബോഗിയിലേക്ക് പുറത്തുനിന്ന് കൊണ്ടുവന്ന പെട്രോള്‍ വലിയ അളവില്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ ബോഗിയുടെ വാതിലുകള്‍ അടച്ചിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. പ്രധാന പ്രതികളിലൊരാളായ മൗലവി ഒമര്‍ജിയെ വിട്ടയച്ചതിന്റെ പശ്ചാത്തലം വിധിന്യായം വായിച്ചുനോക്കാതെ പറയാനാവില്ലെന്നും കോടതിവിധിയില്‍ സംതൃപ്തനാണോ എന്ന ചോദ്യം പ്രസക്തമല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.എം.പാഞ്ചാല്‍ പറഞ്ഞു. കേസില്‍ 253 സാക്ഷികളെയാണ് വിസ്തരിച്ചത്. 1500 തെളിവ് രേഖകള്‍ കോടതി പരിശോധിച്ചു. ഗോധ്രാ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും രണ്ട് സമിതികളെ നിയോഗിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ല, ആസൂത്രിതമായ കൂട്ടക്കൊലയാണെന്ന് കണ്ടെത്തിയിരുന്നു. കര്‍സേവകര്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് സബര്‍മതി എക്സ്പ്രസ് തന്നെ അക്രമികള്‍ ലക്ഷ്യമിട്ടതെന്നും ജസ്റ്റിസ് നാനാവതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ലാലുപ്രസാദ് യാദവ് റെയില്‍വേമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച യു.സി.ബാനര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ട് ഒട്ടേറെ വിവാദങ്ങള്‍ വരുത്തിവെച്ചു. ഗോധ്രയിലേത് വെറും അപകടമാണെന്നായിരുന്നു ബാനര്‍ജിയുടെ കണ്ടുപിടിത്തം.
ഇന്ത്യയുടെ രാഷ്ട്രീയ ഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിച്ച കേസിന്റെ നടത്തിപ്പിനെ തടസപ്പെടുത്തുംവിധം കോടതി നടപടികള്‍ പലതവണ ചോദ്യംചെയ്യപ്പെട്ടിരുന്നു. വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ രംഗത്തുവന്നത് ഏറെ ഒച്ചപ്പാടുണ്ടായി. പ്രതികള്‍ക്ക് നേരെ ‘പോട്ട’ പ്രകാരം കേസെടുത്ത ഗുജറാത്ത് പോലീസിന്റെ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.
ഗോധ്രാ സ്വദേശികളായ റസാഖ് കുര്‍ക്കറിന്റെയും മൗലവി ഒമറിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് തീവെയ്പ്പിന് പിന്നിലെന്നായിരുന്നു പോലീസ് കേസ്. ഇരുവരെയും അറസ്റ്റ് ചെയ്തത് പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നാണ്. മറ്റ് മൂന്ന് പ്രധാന പ്രതികളില്‍ ഇബ്രാഹിം കച്ചുക എന്നയാള്‍ പാക്കിസ്ഥാനില്‍നിന്നെത്തി വിചാരണക്ക് വിധേയനായപ്പോള്‍ സലിം പന്‍വാല, ഷൗക്കത്ത് ചര്‍ക്ക എന്നിവര്‍ ഇപ്പോഴും അവിടെ ഒളിവിലാണ്. ഇപ്പോള്‍ ബറോഡ പോലീസ് കമ്മീഷണറായ രാകേഷ് അസ്താനയ്ക്കായിരുന്നു കേസിന്റെ അന്വേഷണച്ചുമതല.
Discussion about this post